മധ്യപ്രദേശില്‍ കമല്‍നാഥ് വാഴുമോ വീഴുമോ? ഇന്നറിയാം

മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരിന്റെ ഭാവി ഇന്നറിയാം. സുപ്രീംകോടതി നിര്‍ദേശിച്ചതുപ്രകാരം വിശ്വാസ വോട്ടെടുപ്പ് ഇന്ന് നടക്കും. ഇന്ന് വൈകിട്ട് അഞ്ചിന് മുന്‍പ് വിശ്വാസ വോട്ടെടുപ്പിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കണമെന്നാണ് കോടതി നിര്‍ദേശിച്ചത്. വിശ്വാസവോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസും ബിജെപിയും തങ്ങളുടെ എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കി.

നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായാല്‍ വിശ്വാസ വോട്ടെടുപ്പിന് കാത്തുനില്‍ക്കാതെ മുഖ്യമന്ത്രി കമല്‍നാഥ് രാജിവെച്ചേക്കും. കോണ്‍ഗ്രസ്സില്‍നിന്ന് 22 എംഎല്‍എമാര്‍ രാജിവെച്ച സാഹചര്യത്തില്‍ ഉടന്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിങ് ചൗഹാന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു സുപ്രീംകോടതിയുടെ നടപടി.