‘പൗരത്വനിയമ ഭേദഗതി വോട്ടുബാങ്ക് ലക്ഷ്യംവെച്ചുള്ളത്, രാജ്യപുരോഗതിക്കു വേണ്ടിയുള്ളതല്ല’- തുറന്നുപറഞ്ഞ് ബി.ജെ.പി എം.എല്‍.എ

മധ്യപ്രദേശ്: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പൗരത്വനിയമ ഭേദഗതിക്കെതിരെ ബി.ജെ.പി എംഎല്‍എ നാരായണ ത്രിപാഠി. ‘ബാബാ സാഹിബ് അംബേദ്ക്കറുടെ ഭരണഘടനയാണ് പിന്തുടരേണ്ടതും ബഹുമാനിക്കേണ്ടതും. അതിന് സാധിക്കില്ലെങ്കില്‍ അത് കീറിക്കളയണം. മതേതര രാജ്യത്ത് മതത്തിന്റെ പേരില്‍ ഒരു വിഭജനവും ഉണ്ടാകില്ലെന്ന് വളരെ കൃത്യമായി ഭരണഘടനയില്‍ പറയുന്നുണ്ട്. നിങ്ങള്‍ ഭരണഘടനയ്‌ക്കൊപ്പമാണോ അല്ലയോ എന്ന കാര്യമാണ് പ്രധാനമായും തെളിയിക്കേണ്ടത്’. ത്രിപാഠി പറഞ്ഞു.

മധ്യപ്രദേശിലെ മൈഹാര്‍ എം.എല്‍.എയാണ് നാരായണ ത്രിപാഠി. സ്വന്തം എം.എല്‍.എ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത് മധ്യപ്രദേശിലെ ബി.ജെ.പി നേതൃത്വത്തിനെയും കേന്ദ്ര സര്‍ക്കാരിനെയും വെട്ടിലാക്കിയിരിക്കുകയാണ്. അതേസമയം, പൗരത്വ നിയമ ഭേദഗതി അംഗീകരിക്കുന്നില്ലെന്ന് കരുതി താന്‍ ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലേക്ക് ഇല്ലെന്നും ത്രിപാഠി വ്യക്തമാക്കി. ഇപ്പോഴത്തെ ഈ പൗരത്വ നിയമ ഭേദഗതി ബി.ജെ.പിയുടെ വോട്ട് ബാങ്കിന് വേണ്ടി മാത്രമാണ്. അല്ലാതെ രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയുള്ളതല്ലെന്നും ത്രിപാഠി കൂട്ടിച്ചേര്‍ത്തു.