മധ്യപ്രദേശില്‍ കാവി വത്കരിച്ച് പോലീസ് വിഭാഗവും: വകുപ്പിന്റെ കലണ്ടറില്‍ മോദിയും അമിത്ഷായും മോഹന്‍ ഭഗവതും യോഗിയും

 

മധ്യപ്രദേശിലെ പൊലീസ് വിഭാഗത്തെയും കാവി വല്‍ക്കരിക്കുന്നതിന്റെ വ്യക്തമായ തെളിവുകള്‍ പുറത്ത്. പോലീസ് വകുപ്പ് പുറത്തിറക്കിയ കലണ്ടറിലാണ് നിറയെ ബിജെപി മയം. മധ്യപ്രദേശ് പൊലീസിന്റെ മയക്കുമരുന്ന് വിരുദ്ധ വിഭാഗം പുറത്തിറക്കുന്ന കലണ്ടറിലാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, യുപി മുഖ്യമന്ത്രി ആദിത്യനാഥ്, ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവത് തുടങ്ങിയവരുടെ ചിത്രങ്ങള്‍ അച്ചടിച്ചിരിക്കുന്നത്. ചിത്രങ്ങള്‍ കൂടാതെ ലഹരിയ്‌ക്കെതിരെ ഇവര്‍ നടത്തിയ പ്രസ്താവനകളും കലണ്ടറില്‍ ഇടംപിടിച്ചിട്ടുള്ളതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

പോലീസ് വിഭാഗത്തിന്റെ തലവന്‍ എഡിജി വരുണ്‍ കപൂറാണ് ‘ബിജെപി കലണ്ടര്‍’ പുറത്തിറക്കാന്‍ നേതൃത്വം നല്‍കിയത്. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വകുപ്പുകളിലും കലണ്ടര്‍ വിതരണം ചെയ്തിട്ടുണ്ട്.

വിഷയത്തില്‍ എതിര്‍പ്പുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. നിക്ഷ്പക്ഷ നിലപാട് സ്വീകരിക്കേണ്ട പോലീസ് വകുപ്പ് പക്ഷപാതപരമായിത്തീരുന്നതിന്റെ സൂചനയാണിതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. സര്‍ക്കാര്‍ സ്ഥാപനങ്ങളെ കാവിവത്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് കോണ്‍ഗ്രസ് വക്താവ് നരേന്ദ്ര സ്ലൗജ പറഞ്ഞു.

അതേസമയം, ന്യായീകരണവുമായി ബിജെപി വക്താവ് രജനിഷ് അഗര്‍വാള്‍ രംഗത്തെത്തി. കലണ്ടറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നവര്‍ ആദരിക്കപ്പെടുന്ന വ്യക്തിത്വങ്ങളാണെന്നും ഭരണഘടനാപരമായ സ്ഥാനങ്ങള്‍ വഹിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. പൊതുജനോപകാരം മുന്‍നിര്‍ത്തിയാണ് ചിതങ്ങള്‍ കൊടുത്തതെന്നും അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി

SHARE