കമല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രി; ഉപമുഖ്യമന്ത്രിയുണ്ടാവില്ല

ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവും പി.സി.സി പ്രസിഡന്റുമായ കമല്‍നാഥിനെ മധ്യപ്രദേശ് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങും ജ്യോതിരാദിത്യ സിന്ധ്യയും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

എ.കെ ആന്റണിയുടെ നേതൃത്വത്തിലാണ് നിയമസഭാകക്ഷി യോഗ ചേര്‍ന്നത്. ജ്യോതിരാദിത്യ സിന്ധ്യയാണ് കമല്‍നാഥിന്റെ പേര് യോഗത്തില്‍ നിര്‍ദേശിച്ചത്.
1968ല്‍ തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ച കമല്‍നാഥ് ആദ്യമായാണ് മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നത്. വെള്ളിയാഴ്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അല്‍പസമയത്തിന് ശേഷം നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും.

മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവിലാണ് തീരുമാനം. മുഖ്യമന്ത്രിസ്ഥാനത്തിനായി കമല്‍നാഥിനൊപ്പം യുവനേതാവ് ജ്യോതിരാദിത്യ സിന്ധ്യകൂടി നിലയുറപ്പിച്ചതോടെയാണ് തീരുമാനം വൈകിയത്. ഡല്‍ഹിയില്‍ രാഹുല്‍ ഗാന്ധിയുടെ വസതിയിലാണ് ചര്‍ച്ചകള്‍ നടന്നത്. ഇരു നേതാക്കളുടേയും കൈകള്‍ കൂട്ടിപിടിച്ച് നില്‍ക്കുന്ന ഫോട്ടോ നേരത്തെ രാഹുല്‍ ഗാന്ധി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.

“ഏറ്റവും ശക്തരായ രണ്ട് യോദ്ധാക്കന്മാര്‍ ക്ഷമയും സമയവും ആണെ”ന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പോസ്റ്റ്.

ഇരുനേതാക്കളും തമ്മിലുള്ള തര്‍ക്കം സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഇടപ്പെട്ടതോടെയാണ് അനുരജ്ഞനത്തിലെത്തിയത്.