മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഭരണം പിടിച്ചടക്കുമെന്ന് സര്‍വ്വേ

ഭോപ്പാല്‍: നവംബര്‍ 28ന് വോട്ടെടുപ്പ് പൂര്‍ത്തിയായ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് എ.ബി.പി ന്യൂസ് സി.വോട്ടര്‍ സര്‍വ്വേ. 230 സീറ്റികളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 122 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നത്. നിലവില്‍ ഭരണത്തിലിരിക്കുന്ന മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് സര്‍ക്കാറിന് കനത്ത തിരിച്ചടി നല്‍കി ബി.ജെ.പി 108 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

മധ്യപ്രദേശ് ബിജെപി സര്‍ക്കാറിനെതിരെയുള്ള ഭരണ വിരുദ്ധ വികാരത്തിന് പുറമെ കര്‍ഷകരുടെ രോഷം, തൊഴിലില്ലായ്മ, അഴിമതി എന്നിവ കോണ്‍ഗ്രസിന്റെ മുന്നേറ്റത്തിന് ഗുണം ചെയ്യുമെന്നാണ് സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ന്യൂസ് നാഷന്‍ നടത്തിയ സര്‍വേയിലും കോണ്‍ഗ്രസ് പ്രതീക്ഷ നിലനിര്‍്ത്തുന്നതാണ്. നിയമസഭയില്‍ നിലവില്‍ 57 സീറ്റുകള്‍ മാത്രമുള്ള കോണ്‍ഗ്രസ് 107 മുതല്‍ 111 സീറ്റുകള്‍ വരെ നേടുമെന്നാണ് സര്‍വേ. നിലവില്‍ 166 സീറ്റിന്റെ ബലത്തില്‍ ഭരണം നടത്തുന്ന ബിജെപിയുടെ സീറ്റ് നില 109 മുതല്‍ 113 സീറ്റിലേക്ക് ചുരുങ്ങുമെന്നും സര്‍വേ വ്യക്തമാക്കുന്നു.

അതേസമയം ബി.ജെ.പി അധികാരത്തിലെത്തുമെന്നാണ് ടൈംസ് നൗ വാര്‍റൂം സ്ട്രാറ്റജീസ് സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നത്. 142 സീറ്റുകള്‍ ബി.ജെ.പി നേടുമെന്നും കോണ്‍ഗ്രസ് 77 സീറ്റുകള്‍ ലഭിക്കുമ്പോള്‍ മറ്റുള്ളവര്‍ 11 സീറ്റുകള്‍ നേടുമെന്നും ടൈംസ് നൗ സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു.
നവംബര്‍ 28ന് 75.05 ശതമാനത്തില്‍ റെക്കോര്‍ഡ് പോളിങിനാണ് മധ്യപ്രദേശില്‍ വോട്ടെടുപ്പ് നടന്നത്. മുന്‍ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ 2.53% വോട്ടിങ് ശതമാനം വര്‍ധനയാണ് ഉണ്ടായത്.