തനിക്കെതിരെ നടത്തുന്ന വ്യാജ പ്രചരണത്തിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ

പാലക്കാട്: അട്ടപ്പാടി അഗളിയില്‍ ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തില്‍ മണ്ണാര്‍ക്കാട് എം.എല്‍.എ എന്‍. ഷംസുദീനെതിരെ വ്യാജപ്രചരണവുമായി രംഗത്തെത്തിയവര്‍ക്കെതിരെ വിശദീകരണവുമായി എന്‍. ഷംസുദീന്‍. യുവാവിനെ മര്‍ദ്ധിക്കുമ്പോള്‍ അവിടെ നിന്നും സെല്‍ഫി എടുത്ത ഉബൈദ് എന്ന യുവാവ് യു.ഡി.എഫ് പ്രവര്‍ത്തകനാണെന്നും ശംസുദ്ദീന്റെ അടുത്ത അനിയായി ആണെന്നുമായിരുന്നു സോഷ്യല്‍ മീഡിയില്‍ ചിലര്‍ പ്രചരിപ്പിച്ചത്. എന്നാല്‍ ഉബൈദ് മധുവിനെ ഉപദ്രവിക്കാന്‍ ഉണ്ടായിരുന്നില്ലെന്നും സെല്‍ഫി മാത്രമേ എടുത്തുള്ളൂ എന്നും ഒരു ഉത്തരവാദിത്തപ്പെട്ട യു.ഡി.എഫിന്റെ പ്രവര്‍ത്തകന്‍ തന്നെ രാവിലെ വിളിച്ച് അറിയിച്ചു എന്നും ഷംസുദ്ദീന്റെ പറഞ്ഞു.

തെരഞ്ഞെടുപ്പ് സമയത്ത് പ്രചരണങ്ങളില്‍ പങ്കെടുത്തവരുടെ ഫോട്ടോ ഉപയോഗിച്ച് തനിക്കെതിരെ ചിലര്‍ വ്യാജ പ്രചരണം നടത്തുകയാണെന്നും ഇതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ പറഞ്ഞു. രണ്ടു കൊല്ലം മുന്‍പ് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ എടുത്ത ഫോട്ടോയാണ് അതെന്നും അതില്‍ തങ്ങള്‍ക്കൊന്നും ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ന് രാവിലെ യു.ഡി.എഫിന്റെ ഒരു ഉത്തരവാദിത്തപ്പെട്ട പ്രവര്‍ത്തകന്‍ എന്നെ വിളിച്ചിട്ട് ഉബൈദ് കാട്ടിലേക്ക് പോയിട്ടില്ലെന്നും സെല്‍ഫി മാത്രമേ എടുത്തുള്ളൂവെന്നും പറഞ്ഞു.
ഉബൈദ് ആദിവാസി യുവാവിനെ കാട്ടില്‍ പോയി പിടിക്കാന്‍ ഉണ്ടായിരുന്നില്ലെന്നും അയാള്‍ സെല്‍ഫിയെടുത്ത് സംഭവം പരസ്യമാക്കുക മാത്രമാണ് ചെയ്‌തെതെന്നുമാണ് എന്നെ വിളിച്ചു പറഞ്ഞത്. ഞാനത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എന്തായാലും നമ്മള്‍ അതിലൊന്നും ഇടപെടില്ല. നിയമം അതിന്റെ വഴിക്ക് പോകും’ അദ്ദേഹം പറഞ്ഞു.

അട്ടപ്പാടിയില്‍ ആദിവാസി യുവാവ് കൊല്ലപ്പെടാനിടയായ സംഭവം അപലപനീയമാണ്. ആള്‍ക്കൂട്ട കൊലപാതകത്തില്‍ സി.പി.ഐ.എം ബി.ജെ.പി പ്രവര്‍ത്തകരും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ക്കെല്ലാം ന്യായമായ ശിക്ഷ നലകണം ശംസുദ്ദീന്‍ പറഞ്ഞു.

ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തില്‍ പോലീസിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് താലൂക്കില്‍ നാളെ ഹര്‍ത്താല്‍ നടത്തും. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. ഡി.സി.സി.പ്രസിഡന്റ് വി.കെ.ശ്രീകണ്ഠനാണ് ഇക്കാര്യം അറിയിച്ചത്. യുവാവിനെ മര്‍ദ്ദിച്ച് കൊന്നതാണെന്നറിഞ്ഞിട്ടും അസ്വാഭാവിക മരണത്തിന് കേസെടുത്തതില്‍ ദുരുഹതയുണ്ട്. യഥാര്‍ത്ഥ പ്രതികളെ ഉടന്‍ പിടികൂടണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു.

ഇന്നലെ വൈകുന്നേരമാണ് കടുകുമണ്ണ ആദിവാസി ഊരിലെ മധുവിനെ ആള്‍ക്കൂട്ടം ക്രൂരമായി തല്ലിക്കൊന്നത്്. കടകളില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.

ഉടുത്തിരുന്ന കൈലി മുണ്ട് അഴിച്ച് കൈയ്യില്‍ കെട്ടിയ ശേഷമായിരുന്നു നാട്ടുകാരുടെ മര്‍ദ്ദനം. പിന്നീട് മുക്കാലിയില്‍ കൊണ്ടുവരികയും ചെയ്തു.ഏറെ നേരത്തെ മര്‍ദ്ദനത്തിന് ശേഷമാണ് ഇയാളെ പൊലീസിന് കൈമാറിയത്.

SHARE