സര്‍ക്കാറും പ്രതിക്കൂട്ടിലാവുന്നു; മധുവിനെ കാട്ടിക്കൊടുത്തത് വനംവകുപ്പ് ജീവനക്കാര്‍

മുഹമ്മദലി പാക്കുളം

പാലക്കാട്: മോഷണക്കുറ്റം ആരോപിച്ച് അട്ടപ്പാടി കുടുകമണ്ണ് സ്വദേശി മധുവിനെ തല്ലിക്കൊന്ന സംഭവത്തില്‍ കുറ്റവാളികളില്‍ സര്‍ക്കാര്‍ ജീവനക്കാരും. മധുവിനെ പിടികൂടാന്‍ മുക്കാലിയില്‍ നിന്നും ഒരുസംഘം ആളുകള്‍ ബഫര്‍സോണ്‍ മേഖലയായ ഭവാനി കാടുകളിലേക്കെത്തിയത് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അറിവോടെ. വനത്തില്‍ പ്രവേശിക്കാന്‍ പ്രത്യേകാനുമതി വേണമെന്ന നിയമമിരിക്കെയാണ് അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ഈ ഗുരുതരമായ വീഴ്ച. ജീവനക്കാരുടെ അകമ്പടിയോടെയാണ് മധുവിനെ പുറത്തുകൊണ്ടുവന്നതും.

വനംവകുപ്പ് ജീവനക്കാര്‍ വിവരമറിയിച്ചതനുസരിച്ച് രാവിലെ 11മണിയോടെ കാട്ടിലെത്തിയ സംഘം ഗുഹയില്‍ കഞ്ഞിവെക്കുകയായിരുന്ന മധുവിനെ ബലമായി പുറത്തുകൊണ്ടുവന്നു. പിന്നീട് ഇരുകയ്യും കൂട്ടിക്കെട്ടി നാലുകിലോമീറ്ററോളം നടത്തി മുക്കാലിയിലേക്ക് ജനകീയ വിചാരണക്ക് കൊണ്ടുവരുമ്പോഴും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നോക്കിനിന്നു. മുക്കാലിയില്‍ എത്തുന്നതിനിടെ വെള്ളം ആവശ്യപ്പെട്ട മധുവിന്റെ മുഖത്തേക്ക് കുപ്പിവെള്ളം ഒഴിക്കുകയായിരുന്നുവെന്ന് മധുവിന്റെ സഹോദരി പറയുന്നു. ഇത്തരം മനുഷ്യത്വ രഹിതമായ സംഭവങ്ങള്‍ അരങ്ങേറുമ്പോഴും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നോക്കിനിന്ന് നാട്ടുകാര്‍ക്ക് ആക്രമിക്കാന്‍ വഴിയൊരുക്കിയെന്നാണ് മധുവിന്റെ ബന്ധുക്കള്‍ സാക്ഷ്യപ്പെടുത്തുന്നത്. സംഭവം വിവാദമായതോടെ കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം നടത്താന്‍ മണ്ണാര്‍ക്കാട് ഡി.എഫ്.ഒക്ക് നിര്‍ദേശം നല്‍കിയതായി എസ്.പി അറിയിച്ചു. എന്നാല്‍ മധുവിനെ ആക്രമിക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തതെന്ന വാദം കേസ് വഴിതിരിച്ചുവിടാനാണെന്ന് മണ്ണാര്‍ക്കാട് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ വി.പി. ജയപ്രകാശും അറിയിച്ചു.

കഴിഞ്ഞ ഒന്നരവര്‍ഷത്തോളമായി മുക്കാലി, കക്കുപ്പടി, പാക്കുളം എന്നിവിടങ്ങളില്‍ കടകള്‍ കുത്തിത്തുറന്ന് മോഷണം പതിവായിരുന്നു. ഇതുസംബന്ധിച്ച് വ്യാപാരികള്‍ അഗളി പൊലീസില്‍ സി.സി ടിവി പകര്‍പ്പ് സഹിതം പരാതിയും നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെയും പൊലീസ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തുകയോ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ഇതും സംഭവത്തിന് വഴിയൊരുക്കിയെന്ന് നാട്ടുകാര്‍ പറയുന്നു. പിന്നീട് നാട്ടുകാരുടെ ജനകീയ വിചാരണക്ക് ശേഷം രണ്ടുമണിയോടെയാണ് പൊലീസ് മുക്കാലിയിലെത്തിയത്. ഇരുകയ്യും കൂട്ടിക്കെട്ടി അവശനിലയില്‍ കണ്ട മധുവിന് അടിയന്തിരമായി ആസ്പത്രിയില്‍ എത്തിക്കുന്നതിന് പകരം പൊലീസ് ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോയതും വലിയ വീഴ്ചയായി. തുടര്‍ന്ന് അഗളിയെത്തുന്നതിനിടെ ചര്‍ദ്ദിക്കുകയും പിന്നീട് മരണം സംഭവിക്കുകയായിരുന്നു.

നാട്ടുകാര്‍ മോഷണക്കുറ്റം ആരോപിക്കുന്ന മധു കടകളില്‍ കയറിയാല്‍ ഭക്ഷ്യവസ്തുക്കളാണ് മോഷ്ടിക്കുന്നത്. കഴിഞ്ഞദിവസം നാട്ടുകാര്‍ പിടികൂടിയപ്പോഴും സഞ്ചിയിലുണ്ടായിരുന്നത് അരിയും മല്ലിയും മുളകുപൊടിയും മാത്രമാണ്. ഈ ദയനീയാവസ്ഥയിലും മധുവിനെ നാട്ടുകാര്‍ ആക്രമിച്ചതാണ് സമൂഹമന:സാക്ഷിയെ ഞെട്ടിച്ചത്.

വീട്ടില്‍ നിന്നും വേറിട്ട് കഴിഞ്ഞ പത്തുവര്‍ഷത്തോളമായി കാട്ടില്‍ താമസിക്കുന്ന മധുവിന് പുറംലോകവുമായി ഒരുബന്ധവുമില്ലായിരുന്നു. വിശക്കുന്ന സമയത്ത് മാത്രമാണ് നാട്ടിലേക്കെത്തുന്നത്. മാനസിക രോഗികൂടിയായ മധു സ്വബോധത്തോടെയല്ല മോഷ്ടിക്കുന്നതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

പങ്കുണ്ടെങ്കില്‍ നടപടി മന്ത്രി

പാലക്കാട്: മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഏതെങ്കിലും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് മന്ത്രി കെ.രാജു പറഞ്ഞു. ആരോപണം അന്വേഷിക്കും. മര്‍ദിക്കുന്നതിലോ കൂട്ടുനിന്നതിലോ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെങ്കില്‍ നിയമപരമായ നടപടി സ്വീകരിച്ച് കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു.

SHARE