മധുവിന്റെ കുടുംബത്തിന് ധാന്യം ലഭിക്കാത്ത സ്ഥിതിയുണ്ടായിരുന്നില്ലെന്ന് ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: അട്ടപ്പാടിയില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ മരണത്തില്‍ സിവില്‍സപ്ലൈസ് വകുപ്പിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍. ഭക്ഷ്യവകുപ്പിന്റെ ധനാഭ്യര്‍ത്ഥന ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. മധുവിന്റെ കുടുംബം എ.എ.വൈ വിഭാഗത്തിലാണുള്‍പ്പെടുന്നത്. മധുവിന്റെ മാതാവ് മല്ലികയാണ് കുടുംബനാഥ. ഇവര്‍ക്ക് പ്രതിമാസം 35 കിലോ ധാന്യം ലഭിക്കുന്നുണ്ട്. സംഭവം നടന്ന മാസവും മുഴുവന്‍ ധാന്യവും അവര്‍ വാങ്ങിയിരുന്നു. സംസ്ഥാനത്ത് നൂറോളം ആദിവാസി ഊരുകളുണ്ട്. ഇവിടങ്ങളില്‍ കഴിയുന്ന ആദിവാസികള്‍ക്ക് അവരുടെ പരമ്പരാഗത ഭക്ഷ്യവസ്തുക്കളായ ചോളം, റാഗി, ചാമ എന്നിവ വാങ്ങിനല്‍കാന്‍ ഭക്ഷ്യവകുപ്പ് തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.

SHARE