മദീനക്കടുത്ത് തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് കൂട്ടിയിടിച്ച് കത്തി 35 മരണം

റിയാദ്: സഊദിയില്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മണ്ണുമാന്തി യന്ത്രത്തില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 35 പേര്‍ മരിച്ചു. മദീനയില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെ ഹിജ്‌റ റോഡിലാണ് അപകടമുണ്ടായത്. റിയാദില്‍ നിന്ന് ഉംറ കര്‍മം നിര്‍വഹിക്കാന്‍ പുറപ്പെട്ട തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍പെട്ടത്. ബുധനാഴ്ച രാത്രി പത്തുമണിയോടെയാണ് അപകടം.

അപകടം നടന്നയുടനെ ബസിന് തീപിടിച്ചതാണ് വലിയ ദുരന്തത്തിനിടയാക്കിയത്. 50ഓളം പേര്‍ ബസിലുണ്ടായിരുന്നു.

റിയാദില്‍ നിന്ന് ബുധനാഴ്ച പുലര്‍ച്ചെ പുറപ്പെട്ട ഉംറ ബസ് മദീനാ സന്ദര്‍ശനം പൂര്‍ത്തിയാക്കി മക്കയിലേക്ക് യാത്ര തുടരുന്നതിനിടെയാണ് സംഭവം. റിയാദിലെ ദാറുല്‍ മീഖാത്ത് സിയാറ സംഘത്തിന്റേതാണ് ബസ് എന്നാണ് റിപ്പോര്‍ട്ട്.

ബംഗ്ലാദേശ് പൗരന്മാര്‍ നടത്തുന്ന സിയാറ ഗ്രൂപ്പിന്റെ നാലുദിവസത്തെ മക്ക,മദീന സന്ദര്‍ശനത്തിനായിരുന്നു ബസ് പുറപ്പെട്ടത്. വിവിധ രാജ്യക്കാരായ ഉംറ തീര്‍ത്ഥാടകരായിരുന്നു ബസ്സിലുണ്ടായിരുന്നത്. മരണപ്പെട്ടുവരുടെ കൃത്യമായ പേരോ നാടോ സംബന്ധിച്ച വിവരങ്ങള്‍ അറിവായിട്ടില്ല. ഇന്ത്യക്കാരുണ്ടോ എന്ന കാര്യവും വ്യക്തമല്ല. സൗദി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വിവിധ ഏഷ്യന്‍ രാജ്യങ്ങളിലെ തീര്‍ത്ഥാടകര്‍ ബസിലുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.

പരിക്കേറ്റവരെ അല്‍ഹംന ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

SHARE