‘മാണിക്യ മലരായ പൂവി’ : ഗാനാവകാശമുന്നയിക്കുന്ന ഗായകന് ഉദ്ദേശ്യം വേറെ: പി.എം.എ ജബ്ബാര്‍

 

 

ദുബൈ: ‘മാണിക്യ മലരായ പൂവി’ എന്ന ഗാനത്തിന്റെ മേല്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുന്ന പ്രമുഖ ഗായകന്റെ ഉദ്ദേശ്യം വേറെ ചിലതാണെന്ന് ഈ പാട്ട് എഴുതിയ പി.എം.എ ജബ്ബാര്‍. ഈ ഗാനത്തിന്റെ രചയിതാവ് ഏതോ ഒരു ജബ്ബാറാണെന്ന് പറഞ്ഞു കേള്‍ക്കുന്നുവെന്നും ഇത് പാടിയത് താനാണെന്നും ഒരു മലയാള ചാനലില്‍ മാപ്പിളപ്പാട്ട് രംഗത്തെ പ്രമുഖ ഗായകന്‍ അഭിപ്രായപ്പെട്ടിരുന്നു. തന്റെ സ്വന്തം കുട്ടിയെ മറ്റുള്ളവര്‍ കട്ടുകൊണ്ടുപോയ അവസ്ഥയാണ് ഇപ്പോള്‍ തനിക്കുള്ളതെന്നും പറഞ്ഞിരുന്നു. ഇതേക്കുറിച്ച് അല്‍ബറാഹയില്‍ സര്‍ഗധാര സംഘടിപ്പിച്ച പരിപാടിക്കിടെ പ്രതികരിക്കുകയായിരുന്നു പി.എം.എ ജബ്ബാര്‍.
”മേല്‍ പറഞ്ഞ ഗായകന്‍ ചാനലില്‍ പറഞ്ഞത് ഞാന്‍ കണ്ടിരുന്നു. അദ്ദേഹം ഇങ്ങനെയൊക്കെ പറയുന്നത് അദ്ദേഹത്തിന്റെ സ്ഥാനത്തിന് അനുയോജ്യമാണോയെന്ന് ചിന്തിക്കണം. അദ്ദേഹത്തിന്റെ ആത്മകഥയില്‍ ഈ പാട്ട് എഴുതിയത് പി.എം.എ ജബ്ബാര്‍ ആണെന്ന് പറഞ്ഞിട്ടുണ്ട്. ആ പുസ്തകം എന്റെ പക്കലുണ്ട്. പിന്നെ എന്തുകൊണ്ടാണ് ഇപ്പോള്‍ അദ്ദേഹം മാറ്റിപ്പറയുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഈ പാട്ട് ഞാന്‍ ആദ്യമായി എഴുതിക്കൊടുത്തത് റഫീക്ക് തലശ്ശേരി എന്ന ഗായകനാണ്. അദ്ദേഹമാണ് ഇത് ആദ്യമായി പാടിയത്. കാര്യം ഇതായിരിക്കെ, മേല്‍പ്പറഞ്ഞ ഗായകന്റെ അവകാശ വാദങ്ങളുടെ ലക്ഷ്യം വേറെ എന്തൊക്കെയോ ആണ്. അതേക്കുറിച്ച് എനിക്കിപ്പോള്‍ ഒന്നും പറയാനില്ല” -ജബ്ബാര്‍ വെളിപ്പെടുത്തി.
ദശകങ്ങള്‍ക്ക് മുന്‍പ് തന്റെ തൂലികയില്‍ വിരിഞ്ഞ ഈ ഗാനം ഒരു സിനിമയിലൂടെ ഇത്ര മാത്രം ജനകീയമാകുമെന്ന് സ്വപ്നത്തില്‍ പോലും താന്‍ വിചാരിച്ചിട്ടില്ലെന്ന് പി.എം.എ ജബ്ബാര്‍ പറഞ്ഞു. ദൈവത്തിന്റെ അപാരമായ അനുഗ്രഹത്താല്‍ ഇങ്ങനെയൊക്കെ സംഭവിച്ചു. അത് രാജ്യന്തരമായി വമ്പന്‍ ഹിറ്റായി മാറി. അത്തരത്തില്‍ തന്റെ രചന ഏറെ ശ്രദ്ധിക്കപ്പെട്ടതില്‍ വലിയ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഈ പാട്ടിലെ ഒരു വരിയില്‍ പ്രവാചകന്റെ പത്‌നി ഖദീജ ബിവിയെ ”വിലസിടും നാരീ”എന്ന് ഉപമിച്ചതിലും, ”കണ്ട നേരം ഖല്‍ബിനുള്ളില്‍ മോഹമുദിച്ചു” എന്ന് പറഞ്ഞതിലും മലബാര്‍ ഭാഗങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നുവെന്ന് പറഞ്ഞപ്പോള്‍, ”വിലസിടും” എന്നതിന് തന്റെ നാട്ടില്‍ ”ശോഭിക്കുക” എന്നാണ് അര്‍ത്ഥമെന്നും അതില്‍ ഒരു തെറ്റുമില്ലെന്നും അദ്ദേഹം വിശദീകരിച്ചു. മാപ്പിളപ്പാട്ടിലെ വരികളില്‍ ധാരാളം പ്രദേശിക വാക്കുകള്‍ ഉപയോഗിച്ച് വരാറുണ്ട്. ഇത്തരത്തില്‍ മാപ്പിളപ്പാട്ടിലെ വാക്കുകളെടുത്ത് ചര്‍ച്ച ചെയ്താല്‍ എവിടെയുമെത്തില്ല. ജബ്ബാര്‍ പ്രവാസ ജീവിതം തുടങ്ങിയിട്ട് 30 വര്‍ഷമായി.15 വര്‍ഷം ഖത്തറിലായിരുന്നു ജോലി. ഇപ്പോള്‍ 15 വര്‍ഷമായി സഊദി അറേബ്യയില്‍ ഒരു ബഖാലയിലാണ് ജോലി ചെയ്യുന്നത്. പ്രവാസ ജീവിതത്തിലെ തിരക്കുകള്‍ കാരണം കലാ രംഗത്ത് സജീവമാകാന്‍ ജബ്ബാറിന് കഴിഞ്ഞില്ല. ഈ സിനിമയില്‍ പാട്ട് വരുന്നതിന് മുന്‍പ് പലര്‍ക്കും തന്നെ തിരിച്ചറിയില്ലായിരുന്നുവെന്ന് ജബ്ബാര്‍ പറഞ്ഞു.
ഒരിക്കല്‍ മാപ്പിളപ്പാട്ട് ഗവേഷകന്‍ ഫൈസല്‍ എളേറ്റില്‍ സഊദിയില്‍ പരിപാടിക്ക് വന്നപ്പോള്‍ ജോലിയില്‍ നിന്ന് അവധിയെടുത്ത് അദ്ദേഹത്തെ കാണാന്‍ ജബ്ബാര്‍ പോയിരുന്നു. അന്ന് അദ്ദേഹത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി പരിപാടിയില്‍ പങ്കെടുത്തു. അദ്ദേഹമാണ് ആദ്യമായി സഊദി അറേബ്യയില്‍ ഒരു വേദിക്ക് മുന്നില്‍ ജബ്ബാറിനെ പരിചയപ്പെടുത്തിയത്. അന്ന് മുതലാണ് സഊദിയില്‍ ജബ്ബാറിനെ പലരും തിരിച്ചറിഞ്ഞു തുടങ്ങിയത്. ഇന്ന് പലര്‍ക്കും ജബ്ബാര്‍ പാട്ടുകള്‍ എഴുതി കൊടുക്കാറുണ്ട്.
ഒരു കാലത്ത് മാപ്പിളപ്പാട്ടിന്റെ മേഖല ചിലരുടെ കുത്തകയായിരുന്നു. എന്നാല്‍, ഇന്ന് ടെലിവിഷന്‍ ചാനലുകളില്‍ നടക്കുന്ന മാപ്പിളപ്പാട്ട് റിയാലിറ്റി ഷോകള്‍ കാരണം ആ രീതിക്ക് മാറ്റം വന്നു. സംഗീതത്തില്‍ കഴിവുള്ളവര്‍ക്ക് മുന്നോറാന്‍ ഇത്തരത്തിലുള്ള വേദികള്‍ ഏറെ സഹായകമാണ്. അതിലൂടെ മറഞ്ഞിരിക്കുന്ന പല പ്രതിഭകളെയും പുറം ലോകം അറിഞ്ഞു തുടങ്ങിയെന്നും ജബ്ബാര്‍ ഇതുസംബന്ധമായ ചോദ്യത്തോട് പ്രതികരിച്ചു.
-അസീസ് മണമ്മല്‍

SHARE