ശുഹൈബ് വധം: അറസ്റ്റ് ചെയ്യപ്പെട്ടവര്‍ ഞങ്ങളോടൊപ്പമുള്ളവര്‍; ശിരസ് കുനിക്കുന്നുവെന്ന് എം സ്വരാജ്

തിരുവനന്തപുരം: ശുഹൈബിന്റെ കൊലപാതകത്തില്‍ പ്രതികരണവുമായി എം.സ്വരാജ് എം.എല്‍.എ. ശുഹൈബിന്റെ കൊലപാതകത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ ഞങ്ങളോടൊപ്പമുള്ളവരാണെന്നതില്‍ ശിരസ് കുനിക്കുന്നുവെന്ന് എം സ്വരാജ് പറഞ്ഞു. ധനവിനിയോഗബില്ലിന്റെ ചര്‍ച്ചയിലാണ് ശുഹൈബ് വധക്കേസിനെക്കുറിച്ച് സ്വരാജ് നിയമസഭയില്‍ സംസാരിച്ചത്.

‘അറസ്റ്റ് ചെയ്യപ്പെട്ടവരെ സംബന്ധിച്ച വാര്‍ത്തയ്ക്കും യാഥാര്‍ത്ഥ്യത്തിനും ഞങ്ങള്‍ക്ക് അഭിമാനിക്കാനില്ല. ആ വധം സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നു. കൊലപാതകത്തെ അപലപിക്കുന്നു. യാതൊരു ന്യായീകരണവും നിരത്തി കൊലയെ ന്യായീകരിക്കുന്നില്ല’- സ്വരാജ് പറഞ്ഞു. കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചിരുന്നു. അതിനു ശേഷമാണ് ഹൈക്കോടതി വിധി വരുന്നത്.

ഹൈക്കോടതി വിധിയില്‍ പ്രതികരണവുമായി സി.പി.എം നേതാക്കള്‍ പിന്നീട് രംഗത്തെത്തി. കേസ് സി.ബി.ഐ അന്വേഷിക്കട്ടെയെന്ന് പി.ജയരാജന്‍ പറഞ്ഞു. സി.പി.എമ്മിന് ഒന്നും മറച്ചുവെക്കാനില്ല. ശുഹൈബ് വധം നടന്ന സമയത്തുതന്നെ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയതാണ്. പാര്‍ട്ടിയുമായി ബന്ധമുള്ളവരാണെങ്കില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും ജയരാജന്‍ പറഞ്ഞു. അന്വേഷണത്തില്‍ ഭയമില്ലെന്ന് കൊടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ശുഹൈബ് വധം അപലപനീയമാണെന്ന് നേരത്തെ പറഞ്ഞതാണ്. കമ്മ്യൂണിസ്റ്റുകാരെ വേട്ടയാടുന്നതിന്റെ ശ്രദ്ധ തിരിക്കാനാണ് സി.ബി.ഐ അന്വേഷണമെന്നും കൊടിയേരി കൂട്ടിച്ചേര്‍ത്തു.

SHARE