കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറിനെതിരെ എന്‍ഐഐ ചോദ്യം ചെയ്യുന്നത് രണ്ടാം ദിവസവും തുടരുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിനായി എം.ശിവശങ്കര്‍ എന്‍ഐഎ ഓഫീസിലെത്തി. തിങ്കളാഴ്ച ഒന്‍പത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനുശേഷം എന്‍ഐഎ നിരീക്ഷണത്തില്‍ കൊച്ചി പനമ്പള്ളി നഗറിലെ ഹോട്ടലില്‍ തങ്ങുന്ന ശിവശങ്കര്‍ ഇന്ന് രാവിലെ പത്ത് മണിക്കാണ് ചോദ്യംചെയ്യലിന് വീണ്ടും ഹാജറായത്.
തിങ്കളാഴ്ച എന്‍.ഐ.എ.യുടെ ദക്ഷിണമേഖലാ മേധാവി കെ.ബി. വന്ദനയുടെ നേതൃത്വത്തിലാണ് ചോദ്യംചെയ്തത്. ചോദ്യം ചെയ്യലിനുശേഷം കൊച്ചിയില്‍ തുടരാനും ചൊവ്വാഴ്ച ഹാജരാവാനും എന്‍ഐഎ നിര്‍ദേശിച്ചിരുന്നു.
പല ചോദ്യങ്ങൾക്കും ശിവശങ്കറിന് കൃത്യമായ മറുപടി നൽകാൻ കഴിഞ്ഞിട്ടില്ലെന്നാണു സൂചന. ശിവശങ്കറില്‍നിന്നു ലഭിച്ച മൊഴികളും സ്വപ്നയടക്കമുള്ള മറ്റു പ്രതികളുടെ മൊഴികളും തമ്മില്‍ വീണ്ടും ഒത്തുനോക്കി വ്യക്തതവരുത്തിയ ശേഷമാണ് ഇന്ന് ചോദ്യം ചെയ്യല്‍ തുടരുന്നത്. ചോദ്യം ചെയ്യലിനുശേഷം ശിവശങ്കർ അഭിഭാഷകന്‍റെ വീട്ടിലെത്തിയെങ്കിലും അദ്ദേഹത്തെ കാണാതെ മടങ്ങി.
തിങ്കളാഴ്ച പുലർച്ചെ നാലരയോടെ തിരുവനന്തപുരത്തെ വസതിയിൽനിന്ന് പുറപ്പെട്ട ശിവശങ്കർ ഒൻപതരയോടെയാണ് എൻ.ഐ.എ.യുടെ കൊച്ചിയിലെ ആസ്ഥാനത്ത് എത്തിയത്. എൻ.ഐ.എ. കൊച്ചി യൂണിറ്റിലെ എ.എസ്.പി. ഷൗക്കത്തലി, ഡിവൈ.എസ്.പി. രാധാകൃഷ്ണപിള്ള എന്നിവർക്കൊപ്പം ഡൽഹി, ഹൈദരാബാദ് യൂണിറ്റുകളിലെ ഉദ്യോഗസ്ഥരും ചോദ്യംചെയ്യലിൽ പങ്കെടുത്തു.
അതേസമയം, സ്വര്‍ണക്കടത്തുകേസില്‍ തെളിവുകള്‍ സഹിതം എന്‍ഐഎ അറസ്റ്റുചെയ്ത ദേശദ്രോഹ കേസിലെ പ്രതി സരിത്തിനും, മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനും നിയമോപദേശം നല്‍കുന്നത് ഒരേ അഭിഭാഷകനെന്നും റിപ്പോര്‍ട്ട്. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ഇദ്ദേഹം കൊച്ചിയിലെ ആദ്യദിന ചോദ്യം ചെയ്യലിനുശേഷം പുറത്തിറങ്ങിയ എം ശിവശങ്കറെ ന്യായീകരിച്ച് മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തുകയും ചെയ്തിരുന്നു.
രാജ്യത്തുതന്നെ ആദ്യമായാണ് ഇത്ര മുതിര്‍ന്ന ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനെതിരേ ദേശവിരുദ്ധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നത്. തിങ്കളാഴ്ച ശിവശങ്കറിനെ ചോദ്യംചെയ്തപ്പോള്‍ എന്‍.ഐ.എ. അവരുടെ അഭിഭാഷകന്റെ സാന്നിധ്യവും ഉറപ്പുവരുത്തിയിരുന്നു. കേസിന്റെ പ്രാധാന്യം കണക്കിലെടുത്തായിരുന്നു ഇത്. സി.ആര്‍.പി.സി. 160 അനുസരിച്ചാണ് ചോദ്യംചെയ്യാന്‍ ഹാജരാകാനായി ശിവശങ്കറിന് എന്‍.ഐ.എ. നോട്ടീസ് നല്‍കിയത്. ശിവശങ്കര്‍ പങ്കുവെച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുന്‍കൂര്‍ ജാമ്യഹര്‍ജി ആവശ്യമില്ലെന്ന നിഗമനത്തിലേക്ക് എത്തിച്ചേര്‍ന്നതെന്നും അഭിഭാഷകന്‍ പറഞ്ഞിരുന്നു.