കോവിഡ്; ലുലുവിലേക്കുള്ള പച്ചക്കറികള്‍ പറന്നെത്തിയത് ഗള്‍ഫ് എയര്‍ ചാര്‍ട്ടേഡ് വിമാനത്തില്‍

അശ്‌റഫ് തൂണേരി

ദോഹ: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ത്യയിലേക്കുള്ള യാത്രാ വിമാനങ്ങള്‍ക്ക് പുറമെ കാര്‍ഗോ വിമാനങ്ങളും നിലച്ചപ്പോള്‍  പുതുവഴി കണ്ടെത്തി ലുലു. ബഹ്‌റൈനിലേക്കാവശ്യമായ ഭക്ഷ്യവസ്തുക്കള്‍ ഇന്ത്യയില്‍ നിന്നെത്തിക്കാന്‍ ചാര്‍ട്ടേഡ് വിമാനമെന്ന ആശയം പരിഹാരമാവുമെന്നായപ്പോള്‍ അവര്‍ ഗള്‍ഫ് എയറിനെ സമീപിച്ചു. ബഹ്‌റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയറാകട്ടെ  ഇന്ത്യയില്‍ നിന്നും പഴങ്ങളും പച്ചക്കറികളും എത്തിക്കാനായി വിമാനം ചാര്‍ട്ട് ചെയ്ത് ഉടന്‍ സഹായിക്കുകയായിരുന്നു. ഭക്ഷ്യ വസ്തുക്കളടങ്ങിയ വിമാനം കഴിഞ്ഞ ദിവസം മനാമയിലെ ബഹ്‌റൈന്‍ അന്തര്‍ദേശീയ വിമാനത്താവളത്തിലിറങ്ങി. ഇതോടെ മറ്റൊരു ചരിത്രത്തിലേക്ക് കൂടി ലുലു ‘വിമാനം’ കയറി. ആദ്യമായി ബഹ്‌റൈന്റെ ദേശീയ വിമാനക്കമ്പനി ചാര്‍ട്ടര്‍ ചെയ്യുന്ന സ്വകാര്യകമ്പനി എന്ന നേട്ടത്തിലേക്ക്.
കോവിഡ് പശ്ചാത്തലത്തില്‍ ബഹ്‌റൈന്റെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനുള്ള കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ഖലീഫയുടെ വാഗ്ദാനത്തിനനുസൃതമായാണ് തങ്ങള്‍ ഇങ്ങിനെയൊരു ശ്രമം നടത്തിയതെന്ന് ലുലു ഗ്രൂപ്പ് അറിയിച്ചു. ബഹ്‌റൈനോടുള്ള തങ്ങളുടെ പ്രതിബദ്ധതയും ഉത്തരവാദിത്വവുമാണിതെന്നും ഭാവിയില്‍ ആവശ്യമെങ്കില്‍ ഇനിയും ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുമെന്നും ലുലു ഗ്രൂപ്പ് ഡയരക്ടര്‍ ജുസെര്‍ രൂപവാല അറിയിച്ചു. ജനങ്ങളോടുള്ള ഗള്‍ഫ് എയറിന്റെ പ്രതിബദ്ധതയും പ്രൊഫഷണലിസവുമാണിതെന്നും അടിയന്തിര സന്ദര്‍ഭങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങളുമായി ഇനിയും മുന്നോട്ടുപോവുമെന്ന് ഗള്‍ഫ് എയര്‍ വ്യക്തമാക്കി.  വ്യോമയാന മേഖലയിലെ വാര്‍ത്തകളും വിശേഷങ്ങളും പുറത്തെത്തിക്കുന്ന അമേരിക്കയിലെ ഇല്ലിനോയ് ആസ്ഥാനമായുള്ള ഏവിയേഷന്‍പ്രോസ്  ഡോട്‌കോം  ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്‌. 

SHARE