ജോര്‍ദാനില്‍ ഹൈപര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കാന്‍ യൂസുഫലിക്ക് അബ്ദുള്ള രാജാവിന്റെ ക്ഷണം

 

ദുബൈ/ന്യൂഡെല്‍ഹി: ജോര്‍ദാനില്‍ ഹൈപര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കാന്‍ എം.എ യൂസുഫലിക്ക് അബ്ദുള്ള രാജാവിന്റെ പ്രത്യേക ക്ഷണം. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇന്റസ്ട്രി (ഫിക്കി) ഡല്‍ഹിയില്‍ സംഘടിപ്പിച്ച ഇന്ത്യാ-ജോര്‍ദാന്‍ സിഇഒ ഫോറത്തിനിടെയായിരുന്നു ചെയര്‍മാന്‍ എം.എ യൂസുഫലിയോട് തന്റെ രാജ്യത്ത് നിക്ഷേപിക്കാന്‍ ക്ഷണിച്ചത്. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയതായിരുന്നു അബ്ദുള്ള രാജാവ്.
ജോര്‍ദാനിലെ വാണിജ്യ മേഖലയുമായി അടുത്ത ബന്ധമാണ് ലുലുവിനുള്ളത്. 45 കോടി രൂപയുടെ (7 ദശലക്ഷം ഡോളര്‍) ഭക്ഷ്യ-ഭക്ഷ്യേതര ഉല്‍പന്നങ്ങള്‍ ലുലു ഗ്രൂപ് ജോര്‍ദാനില്‍ നിന്നും ഇപ്പോള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇതുസംബന്ധിച്ച കൂടിയാലോചനകള്‍ക്കായി നിക്ഷേപ വകുപ്പ് മന്ത്രി മുഹന്നദ്് ഷെഹദെയെ രാജാവ് ചുമതലപ്പെടുത്തുകയും ചെയ്തു. ഭരണകൂടത്തിന്റെ എല്ലാ സഹായ സഹകരണങ്ങളും ലുലുവിന് ലഭ്യമാക്കുമെന്നും അബ്ദുള്ള രാജാവ് പറഞ്ഞു. ജോര്‍ദാനിലെ ആദ്യ ലുലു ഹൈപര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം താന്‍ നിര്‍വഹിക്കുമെന്നും അബ്ദുള്ള രാജാവ് യൂസുഫലിയെ യോഗത്തിനിടെ അറിയിക്കുകയും ചെയ്തു. മുതല്‍മുടക്കുന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ചകള്‍ക്കായി അടുത്തു തന്നെ ജോര്‍ദാന്‍ സന്ദര്‍ശിക്കുമെന്നും യൂസുഫലി ജോര്‍ദാന്‍ രാജാവിനെ അറിയിച്ചു.
ഹൈപര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കാന്‍ 100 മില്യന്‍ ഡോളര്‍ മുതല്‍മുടക്കുമെന്നും യൂസുഫലി യോഗത്തില്‍ അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങള്‍, ഇന്ത്യ, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലുള്ള ലുലു ഹൈപര്‍ മാര്‍ക്കറ്റുകളില്‍ വന്‍വിപണന സാധ്യതകളാണ് ജോര്‍ദാനില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
’90കളിലെ കുവൈത്ത് അധിനിവേശ സമയത്ത് ഇന്ത്യക്കാര്‍ക്കായി ഹുസൈന്‍ രാജാവ് ചെയ്ത സഹായ സഹകരണങ്ങളെപ്പറ്റി യൂസുഫലി പറഞ്ഞപ്പോള്‍ അബുദ്ള്ള രാജാവ് ഏറെ വികാരാധീനനായി.

SHARE