ബാര്‍സക്ക് വമ്പന്‍ ജയം : മെസ്സിക്ക് റെക്കോര്‍ഡ്

 

മാഡ്രിഡ് : ലാലീഗയില്‍ ബാര്‍സലോണ അപരാജിത കുതിപ്പ് തുടരുന്നു. ജിറുണക്കെതിരെ ഒന്നിനെതിരെ ആറു ഗോളുകള്‍ക്കാണ് സ്വന്തം മൈതാനത്ത് ബാഴ്‌സ വിജയം കൊയ്തത്. മൂന്നാം മിനുട്ടില്‍ . ബാഴ്‌സയുടെ പ്രതിരോധപ്പിഴവിലൂടെ പോര്‍ടുവിന്റെ ഗോളില്‍ ജിറുണയാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ മെസ്സി-സുവാരസ്-കുട്ടീഞ്ഞോ-ഡെംബലെ സംഖ്യത്തെ ആദ്യ ഇലവനില്‍ ഇറങ്ങിയ പരിശീലകന്‍ വാല്‍വര്‍ഡേയുടെ തീരുമാനത്തെ ശരിവെക്കുംവിധം ആറു ഗോളുകളാണ് ബാര്‍സ എതിരാളികളുടെ പോസ്റ്റില്‍ മടക്കി അടിച്ചത്.

ലൂയിസ് സുവാരസ് ഹാട്രിക്ക് നേട്ടവും രണ്ട് അസിസ്റ്റും സ്വന്തമാക്കിയ മത്സരത്തില്‍ മെസി ഇരട്ട ഗോളും ഒരു അസിസ്റ്റും നല്‍കി. കുട്ടീഞ്ഞോ ബാഴ്‌സക്കു വേണ്ടി തന്റെ ആദ്യ ലാലിഗ ഗോള്‍ നേടി ഒരു അസിസ്റ്റം നല്‍കിയപ്പോള്‍ സുവാരസിന്റെ ഹാട്രിക് ഗോളിന്റെ അസിസ്റ്റ് ഡെംബലെയുടേതായിരുന്നു. സുവാരസിനു നല്‍കിയ അസിസ്‌റ്റോടെ ലാലിഗയില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റ് നല്‍കിയ താരമെന്ന റെക്കോര്‍ഡ് മെസി സ്വന്തമാക്കി.

148 അസിസ്റ്റുകളോടെ മുന്‍ റയല്‍ താരം മൈക്കിളിന്റെ റെക്കോര്‍ഡാണ് മെസി മറി കടന്നത്. കൂടാതെ മറ്റൊരു റയല്‍ താരത്തിന്റെ റെക്കോര്‍ഡു കൂടി മത്സരത്തില്‍ മെസി മറികടന്നു. ഇന്നത്തെ ഗോളോടെ ലാലിഗയില്‍ മെസി ഗോള്‍ നേടുന്ന മുപ്പത്തിയാറാമത്തെ ടീമാണ് ജിറൂണ. ലാലിഗ ചരിത്രത്തില്‍ മറ്റൊരു താരവും ഇത്രയധികം ടീമുകള്‍ക്കെതിരെ ഗോള്‍ നേടിയിട്ടില്ല. റയലിന്റെ റൗള്‍, അത്‌ലെറ്റിക് ബില്‍ബാവോയുടെ അഡുറിസ് എന്നിവരെയാണ് മെസി മത്സരത്തില്‍ പുറകിലാക്കിയത്.

 

25 മത്സരങ്ങള്‍ 20 ജയവും അഞ്ചു സമനിലയുമായി 65 പോയിന്റുള്ള ബാര്‍സ പോയന്റ് ടേബിളില്‍ തലപ്പത്ത് തുടരുകയാണ്. ഒരു മത്സരം കുറവു കളിച്ച അത്‌ലറ്റികോ മാഡ്രിഡാണ് (55) രണ്ടാമത്. 51 പോയന്റുള്ള നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ് മൂന്നാം സ്ഥാനത്താണ്.