വീണ്ടും ഇരുട്ടടി; പാചക വാതക വില കൂട്ടി

ന്യൂഡല്‍ഹി: പുതുവര്‍ഷത്തില്‍ പൊതുജനത്തിന് കേന്ദ്രം വക ഇരുട്ടടി. സബ്‌സിഡി ഇല്ലാത്ത പാചക വാതകത്തിനും വ്യോമയാന ഇന്ധനത്തിനും വില വര്‍ധിപ്പിച്ചു. സബ്‌സിഡിയില്ലാത്ത പാചക വാതക സിലിണ്ടറിന് 19 രൂപയും വിമാന ഇന്ധനത്തിന്റെ വില 2.6 ശതമാനവുമാണ് വര്‍ധിപ്പിച്ചത്. ഇതിനു പുറമെ പൊതു വിതരണ സമ്പ്രാദായം വഴിയുള്ള മണ്ണെണ്ണയുടെ വിലയില്‍ 26 പൈസയും വര്‍ധിപ്പിച്ചിട്ടുണ്ട്. തുടര്‍ച്ചയായ അഞ്ചാമത്തെ മാസമാണ് പാചക വാതകത്തിന് വില കൂടുന്നത്.
വാണിജ്യ ആവശ്യത്തിലുള്ള സിലിണ്ടറിന് ഇനിമുതല്‍ 28 രൂപ കൂടുതലായി നല്‍കണം. പുതിയ നിരക്ക് പ്രകാരം 14.2 കിലോയുള്ള പാചക വാതക സിലിണ്ടറിന് 695ല്‍ നിന്ന് 714 രൂപയായി വില കൂടി. ഡല്‍ഹിയിലെ കണക്ക് പ്രകാരമാണിത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ സബ്‌സിഡി ഇല്ലാത്ത പാചക വാതകത്തിന് 139.5 രൂപയാണ് വര്‍ധിച്ചത്. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 28രൂപയാണ് കൂടിയിരിക്കുന്നത്. 1213 രൂപക്ക് പകരം ഇനിമുതല്‍ 1241 രൂപ നല്‍കണം. അതേസമയം, തുടര്‍ച്ചയായ രണ്ടാമത്തെ മാസമാണ് വ്യോമായാന ഇന്ധനവില കൂടുന്നത് (കിലോ ലിറ്ററിന് 1,637.25 രൂപ അഥവാ 2.6 ശതമാനം ഉയര്‍ത്തി കിലോലിറ്ററിന് 64,323.76 രൂപയായി).

SHARE