പാചകവാതക വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ബിജെപി നേതാക്കള്‍ നേരത്തെ നടത്തിയ പ്രസ്താവനകള്‍ തിരിഞ്ഞുകൊത്തുന്നു. സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ സ്മൃതി ഇറാനിയുടേയും ശോഭാസുരേന്ദ്രന്റേയും വീഡിയോ ഉള്‍പ്പെടെയുള്ള പ്രതികരണങ്ങള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞിട്ടുണ്ട്. ‘അടുക്കളയുടെ കാര്യം വളരെ കഷ്ടമാണ്..’ അന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന് പറഞ്ഞുവച്ച ആധി ഇന്ന് സമൂഹ്യമാധ്യമങ്ങള്‍ തിരിച്ചുചോദിക്കുകയാണ്. ഗാര്‍ഹിക സിലിണ്ടറുകളുടെ വിലയില്‍ വന്‍വര്‍ധനയാണ് ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഉണ്ടായത്. ഒറ്റയടിക്ക് 146 രൂപ 50 പൈസയാണ് കൂട്ടിയിരിക്കുന്നത്.
ബിജെപി നേതാക്കളുടെ പഴയ ട്വീറ്റും പ്രതിഷേധത്തിന്റെ ചിത്രങ്ങളും വിഡിയോയും കുത്തിപ്പൊക്കിയാണ് പാചകവാതക വിലവര്‍ധനവിനെതിരെ രോഷം കത്തുന്നത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനി മുന്‍പ് പാചകവാതക വിലവര്‍ധനവിനെതിരെ നടത്തിയ പ്രതിഷേധത്തിന്റെ ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്.
850രൂപ 50 പൈസയാണ് പുതിയ വില.വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകളുടെ വില കഴിഞ്ഞ ആഴ്ച കൂട്ടിയിരുന്നു. 2014 ജനുവരിക്കു ശേഷമുള്ള ഏറ്റവും വലിയ വര്‍ധനയാണിത്. അന്നു സിലിണ്ടറിന് 220 രൂപയാണു വര്‍ധിപ്പിച്ചിരുന്നത്. കഴിഞ്ഞ ആറു മാസത്തിനിടെ മാത്രം സിലിണ്ടര്‍ വിലയില്‍ 284 രൂപ കൂടി. സബ്സിഡി നിരക്കുകളും ആനുപാതികമായി വര്‍ധിപ്പിച്ചതിനാല്‍ ഇപ്പോഴത്തെ വിലക്കയറ്റം ഉപയോക്താക്കളെ ബാധിക്കില്ലെന്നാണ് അധികൃതര്‍ പറയുന്നത്.