മരിച്ചതറിഞ്ഞില്ല, ഉടമസ്ഥനെ കാത്ത് വുഹാന്‍ ആശുപത്രിയില്‍ നായ കാത്തിരുന്നത് മൂന്നു മാസം!

ബീജിങ്: കോവിഡ് വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ ഉടമസ്ഥന്‍ മരിച്ചതറിയാതെ വളര്‍ത്തുനായ അയാളെ കാത്തിരുന്നത് മൂന്നു മാസം. ഏഴു വയസ്സുള്ള ഷിയാവോ ബൗ എന്ന നായയാണ് തന്റെ ഉടമയ്ക്കായി തൈകാങ് ആശുപത്രിയില്‍ ഏറെക്കാലം കാത്തുകിടന്നത്. കോവിഡ് ബാധിച്ച് അഡ്മിറ്റായ ഉടമ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് അഞ്ചു ദിവസത്തിനകം മരണത്തിന് കീഴടങ്ങിയിരുന്നു.

ഇതറിയാതെ, ഉടമ തിരിച്ചുവരുന്നതും കാത്ത് ആശുപത്രിയുടെ ലോബിയില്‍ എല്ലാ ദിവസവും നായയെത്തും. നായ ജീവനക്കാരുമായി പരിചയത്തിലാകുകയും അവര്‍ അതിന് ഭക്ഷണം നല്‍കുകയും ചെയ്തു.

ഏപ്രില്‍ 13ന് വുഹാനിലെ ലോക്ക്ഡൗണ്‍ ഒഴിവാക്കിയതോടെ ഹോസ്പിറ്റല്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരന്‍ വു കുഫെന്‍ നായയെ ഏറ്റെടുക്കുകയായിരുന്നു.

‘ഏപ്രില്‍ മദ്ധ്യത്തില്‍ ജോലിക്കെത്തിയപ്പോഴാണ് നായയെ ആദ്യമായി ശ്രദ്ധിക്കുന്നത്. ഞാനാണ് അവന് ഷിയാവോ ബൗ എന്ന പേരു നല്‍കുന്നത്. ഒരു പെന്‍ഷന്‍ പറ്റുന്ന വയോധികനാണ് നായയുടെ ഉടമസ്ഥന്‍ എന്ന് ആശുപത്രി ജീവനക്കാര്‍ എന്നോട് പറഞ്ഞു. ഉടമ മരിച്ചതറിയാതെ ഷിയാവോ ബൗ ആശുപത്രിയില്‍ തന്നെ നില്‍ക്കുകയായിരുന്നു’ – വു കുഫെന്‍ പറഞ്ഞു.

ഇടക്കാലയളവില്‍ ആശുപത്രി അധികൃതര്‍ നായയെ ദൂരെ കൊണ്ടു വിട്ടെങ്കിലും വീണ്ടും അത് ആശുപത്രിയിലേക്ക് തിരിച്ചുവരികയായിരുന്നു എന്നും അവര്‍ പറയുന്നു.

SHARE