‘ശൈശവവിവാഹം നടത്തൂ, ‘ലൗ ജിഹാദില്‍’ നിന്ന് പെണ്‍കുട്ടികളെ തടയൂ’; ബി.ജെ.പി എം.എല്‍.എ ഗോപാല്‍ പാര്‍മര്‍

ന്യൂഡല്‍ഹി: ലൗ ജിഹാദ് തടയാന്‍ പെണ്‍കുട്ടികളെ ശൈശവവിവാഹം നടത്തണമെന്ന വിചിത്ര വാദവുമായി ബി.ജെ.പി നേതാവും മധ്യപ്രദേശ് എം.എല്‍.എയുമായ ഗോപാല്‍ പാര്‍മര്‍. വൈകി നടക്കുന്ന വിവാഹങ്ങളാണ് ‘ലൗ ജിഹാദിന്’ കാരണമെന്നും ഇത് തടയാന്‍ പെണ്‍കുട്ടികളെ നേരത്തെ കല്യാണം കഴിപ്പിക്കണമെന്നും എം.എല്‍.എ പറഞ്ഞു.

സ്ത്രീകളുടെ വിവാഹപ്രായം 18 വയസ് എന്നതൊരു രോഗം ആണ്. എന്നുമുതലാണോ 18 വയസ് എന്ന രോഗം തുടങ്ങിയത്, അന്ന് മുതലാണ് പെണ്‍കുട്ടികള്‍ ഒളിച്ചോടാന്‍ ആരംഭിച്ചതെന്നും ഗോപാല്‍ പറയുന്നു. ചില കുബുദ്ധികളും ക്രിമിനലുകളും നല്ലപിള്ള ചമയുകയും സ്‌കൂള്‍ കുട്ടികളെ ലക്ഷ്യം വച്ച് അവരെ എളുപ്പത്തില്‍ കെണിയില്‍ അകപ്പെടുത്തുകയും ചെയ്യുന്നുണ്ട്. പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകുന്നതോടെ അവരുടെ മനസ് അലഞ്ഞുതിരിഞ്ഞു തുടങ്ങും. അമ്മമാര്‍ എപ്പോഴും ‘ലൗ ജിഹാദി’നെ കുറിച്ച് ജാഗ്രത പാലിക്കണമെന്നും ഗോപാല്‍ ആവശ്യപ്പെടുന്നു.

ശൈശവത്തില്‍ പറഞ്ഞുറപ്പിക്കുന്ന വിവാഹബന്ധങ്ങളിലെ കുട്ടികള്‍ ഒരിക്കലും തെറ്റായ തീരുമാനമെടുക്കില്ല. തന്റെ വിവാഹം നേരത്തെ നിശ്ചയിച്ചതാണല്ലോ എന്ന ചിന്ത അവര്‍ക്ക് എപ്പോഴുമുണ്ടാകും. ഇത്തരത്തിലില്ലാത്ത കുട്ടികളാണ് ‘ലൗ ജിഹാദി’ലേക്ക് വഴിതെറ്റിപ്പോകുന്നതെന്നും ഗോപാല്‍ പറഞ്ഞു.