‘ആരും തട്ടിക്കൊണ്ടുപോയിട്ടില്ല, സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയത്’; യുഎഇയില്‍ നിന്ന് പ്രധാനമന്ത്രിക്ക് ആയിഷയുടെ കത്ത്

അബുദാബി: സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്നും തന്നെ ആരും തട്ടിക്കൊണ്ടുപോയിട്ടില്ലെന്നും ഡല്‍ഹിയില്‍ നിന്ന് കാണാതായി യുഎഇയില്‍ എത്തിയ ആയിഷ എന്ന സിയാനിബെന്നി. തന്നെയാരും ഭീകരസംഘടനയില്‍ ചേര്‍ത്തിട്ടില്ലെന്ന് വ്യക്തമാക്കി കോഴിക്കോട്ടുകാരിയായ സിയാനി പ്രധാനമന്ത്രിക്ക് കത്തയച്ചു. ഡല്‍ഹിയില്‍നിന്നു ഈ മാസം ആദ്യമാണ് സിയാനി യുഎഇയില്‍ എത്തിയത്. പിന്നാലെ മകളെ കാണാനില്ലെന്ന് കാണിച്ച് കോഴിക്കോടുള്ള മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. മകളെ തട്ടിക്കൊണ്ടുപോയതാണെന്നായിരുന്നു ഇവരുടെ പരാതി.

എന്നാല്‍, താന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് യുഎഇയില്‍ എത്തി മതം മാറിയതെന്നുംആയിഷ എന്ന പേര് സ്വീകരിച്ചെന്നും വിദ്യാര്‍ത്ഥിനി പറയുന്നു. അബുദാബിയില്‍ ജോലി ചെയ്യുന്ന മുസ്ലിം യുവാവിനെ വിവാഹം ചെയ്‌തെന്നും പ്രായപൂര്‍ത്തിയായ ആളാണെന്നും തീരുമാനമെടുക്കാന്‍ കഴിവുണ്ടെന്നും സിയാനി പറഞ്ഞു. ഡല്‍ഹിയിലെ ജീസസ് ആന്‍ഡ് മേരി കോളജില്‍ വിദ്യാര്‍ത്ഥിനിയായിരുന്ന സിയാനി ഈ മാസം 18 വരെ ക്ലാസില്‍ എത്തിയിരുന്നു. 18ാം തീയതി അബുദാബിയിലേക്കു പോയ സിയാനി അവിടെയുള്ള പ്രവാസി ഇന്ത്യക്കാരനെ വിവാഹം കഴിച്ചു. ഒമ്പതു മാസം മുമ്പ് സമൂഹമാധ്യമത്തിലൂടെയാണ് സിയാനി ഇയാളുമായി അടുപ്പത്തിലായതെന്നാണ് വിവരം.

24ന് അബുദാബിയിലെ കോടതിയില്‍ താന്‍ സ്വന്തം ഇഷ്ടപ്രകാരം മതംമാറിയതായും സിയാനി അറിയിച്ചിരുന്നു. എന്നാല്‍ അതിനുശേഷം കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്‍ ഉപാധ്യക്ഷന്‍ ഇത് ലൗ ജിഹാദാണെന്നും വിഷയത്തിലെ തീവ്രവാദബന്ധം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി അമിത്ഷാക്ക് കത്തെഴുതുകയായിരുന്നു. തുടര്‍ന്നാണ് ആയിഷ പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി,കേരള-ഡല്‍ഹി മുഖ്യമന്ത്രിമാര്‍ എന്നിവര്‍ക്ക് കത്തയച്ചത്. തന്റെ യാത്രയുമായി ബന്ധപ്പെട്ട കേസുകളെല്ലാം പിന്‍വലിക്കണമെന്ന് ആയിഷ ആവശ്യപ്പെട്ടു.

തനിക്കെതിരേ അപവാദപ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും സിയാനി ആവശ്യപ്പെട്ടു. മാതാപിതാക്കളും സഹോദരനും തന്നെ കാണാന്‍ അബുദാബിയിലേക്കു പുറപ്പെട്ടിട്ടുണ്ടെന്നും സിയാനി വിശദീകരിക്കുന്നു. വിവാഹം കഴിച്ച് യുഎഇയില്‍ കഴിയാനാണ് ആഗ്രഹിക്കുന്നതെന്നും തിരിച്ചു നാട്ടിലേക്കില്ലെന്നും സിയാനി പറഞ്ഞു.