ബി.ജെ.പി നേതാക്കളുടെ പോസ്റ്ററുകള്‍ നഗരമധ്യത്തില്‍ സ്ഥാപിച്ചു; യു.പിയില്‍ യോഗിയുടെ നടപടിക്ക് അതേനാണയത്തില്‍ തിരിച്ചടി

ലഖ്‌നൗ: പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടവരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി പരസ്യം സ്ഥാപിച്ച ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടി ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. കോടതി വിമര്‍ശനത്തെപോലും മുഖവിക്കെടുക്കാതെ യോഗി സര്‍ക്കാരിന്റെ നടപടിക്കെതിരെ അതേനാണയത്തില്‍ തിരിച്ചടിച്ചിരിക്കുകയാണ് സമാജ്‌വാദി പാര്‍ട്ടി.

ലൈംഗികാതിക്രമകേസില്‍ പ്രതികളായ ബിജെപി നേതാക്കളുടെ പോസ്റ്ററുകള്‍ നഗരമധ്യത്തില്‍ സ്ഥാപിച്ചാണ് സമാജ്‌വാദി പാര്‍ട്ടി വിഷയത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. കുല്‍ദീപ് സിങ് സെനഗറിന്റേയും മുന്‍ കേന്ദ്രമന്ത്രിയായ ചിന്മയാനന്ദിന്റെ ചിത്രവുമാണ് പോസ്റ്ററില്‍ പതിച്ചിട്ടുള്ളത്.

ഇന്നലെ രാത്രി മുതലായിരുന്നു പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. കുല്‍ദീപ് സീങ് സെനഗറിന്റേയും ചിന്മയാനന്ദിന്റേയും ചിത്രവും അതോടൊപ്പം അവര്‍ക്കെതിരെയുള്ള കുറ്റങ്ങളും പോസ്റ്ററില്‍ ഉണ്ട്. ഇവരാണ് സംസ്ഥാനത്തെ കുറ്റവാളികള്‍. അവരില്‍ നിന്നും അകലം പാലിക്കൂവെന്നും പോസ്റ്ററില്‍ പറയുന്നു. ഹിന്ദിയിലാണ് പോസ്റ്റര്‍ എഴുതിയിരിക്കുന്നത്. രാവിലെ പൊലീസ് അത് നീക്കം ചെയ്തു. സമാജ്‌വാദി പാര്‍ട്ടിയുടെ ദേശീയ വക്താവായ ഐപി സിങാണ് പോസ്റ്റര്‍ സ്ഥാപിച്ചത്.

പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധക്കാരുടെ ചിത്രങ്ങള്‍ റോഡില്‍ പതിച്ച യോഗി സര്‍ക്കാരിന്റെ നടപടിയെ സുപ്രീംകോടതിയും അലഹബാദ് ഹൈക്കോടതിയും രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു.