ഡല്‍ഹി തെരഞ്ഞെടുപ്പ്; ഷഹീന്‍ബാഗ് വിധിയെഴുതിയത് ചെറു സംഘങ്ങളായി

ന്യൂഡല്‍ഹി: പൗരത്വ വിരുദ്ധ സമര പന്തലില്‍നിന്നും ഷഹീന്‍ബാഗുകാര്‍ വോട്ടു ചെയ്യാനെത്തിയത് ചെറിയ ചെറിയ സംഘങ്ങളായി. ബിജെപി സര്‍ക്കാറിന്റെ ഭരണഘടനാവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതിഷേധം നടക്കുന്ന ഷഹീന്‍ബാഗിലെ പോളിങ് ബൂത്തുകളില്‍ രാവിലെ മുതല്‍ വോട്ടര്‍മാരുടെ നീണ്ട ക്യൂവായിരുന്നു. ഡല്‍ഹിയിലെ ഒക്‌ല നിയോജക മണ്ഡലത്തില്‍പ്പെട്ടതാണ് ഷഹീന്‍ബാഗ്. ഈ പ്രദേശത്ത് വസിക്കുന്നത് ഭൂരിഭാഗവും മുസ്‌ലിമുകളാണ്. വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെയാണ് തങ്ങളുടെ വോട്ടെന്ന് അവര്‍ തുറന്നു പ്രഖ്യാപിച്ചാണ് സമര പോരാളികള്‍ വോട്ടുചെയ്യാനെത്തിയത്.

രണ്ടു മാസത്തിലധികമായി തുടരുന്ന രാപ്പകല്‍ സമരത്തിന് തെരഞ്ഞെടുപ്പ് ദിനത്തിലും ഒരു സെക്കന്റ് പോലും വിടവുണ്ടാകരുതെന്ന ലക്ഷ്യത്തോടെയാണ് ചെറു സംഘങ്ങളായി വോട്ടു രേഖപ്പെടുത്താനുള്ള തീരുമാനം ഷാഹിന്‍ബാഗുകാര്‍ കൈക്കൊണ്ടത്. ബി.ജെ.പിയെ തൂത്തെറിയാന്‍ ലഭിക്കുന്ന ഒരു വോട്ടുപോലും നഷ്ടപ്പെടുത്തരുതെന്ന് തീരുമാനിച്ചുറപ്പിച്ചാണ് ഓരോ വനിതകളും കൃത്യമായ ആസൂത്രണത്തോടെ വോട്ടു ചെയ്യാനെത്തിയത്.

ചെറു സംഘങ്ങളായി വോട്ടു ചെയ്യാന്‍ തീരുമാനിച്ചത് സമരം തടസ്സപ്പെടരുതെന്ന ലക്ഷ്യത്തോടെയായിരുന്നുവെന്ന് മറ്റൊരു സമരക്കാര്‍ പറഞ്ഞു. ഒരു വിഭാഗം ഉച്ചക്കു മുന്നേ വോട്ടു ചെയ്ത് സമരപ്പന്തലില്‍ എത്തിയപ്പോള്‍ മറ്റൊരു സംഘം ഉച്ചക്കു ശേഷമാണ് ബൂത്തിലെത്തിയത്. എന്നാല്‍ വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി എല്ലാവരും വോട്ടു രേഖപ്പെടുത്തിയ സമരപ്പന്തലില്‍ ഒരുമിച്ചതോടെ ഷാഹന്‍ബാഗിലെ പോരാട്ടത്തിന് വീണ്ടും കരുത്തേറി.

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ പ്രചാരണ വിഷയവും വിവാദ വിഷയവുമായിരുന്നു ഷാഹിന്‍ബാഗും അവിടെ നടക്കുന്ന പൗരത്വ വിരുദ്ധ സമരവും. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്ന് ഇന്ത്യയില്‍ കുടിയേറിയ മുസ്്‌ലിംകള്‍ ഒഴികെയുള്ള മതവിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് പൗരത്വം അനുവദിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി ഉയ്ര#ന്ന പ്രതിഷേധങ്ങളില്‍ തന്നെ ഏറ്റവും ഉറച്ച സ്വരമായിരുന്നു ഷാഹിന്‍ബാഗിലേത്. ബി.ജെ.പിയേയും കേന്ദ്ര സര്‍ക്കാറിനേയും തെല്ലൊന്നുമല്ല അവര്‍ ്‌സൈ്വര്യം കെടുത്തിയത്. എന്നാല്‍ സമരത്തിനെതിരെ ബി.ജെ.പിയും സംഘ്പരിവാര്‍ കേന്ദ്രങ്ങളും നടത്തിയ ഉറഞ്ഞു തുള്ളലുകളെ ജനാധിപത്യത്തിന്റെ സര്‍വ്വസ്വാതന്ത്ര്യങ്ങളുമെടുത്താണ് ഷാഹിന്‍ബാഗുകാര്‍ ചെറുത്തുതോല്‍പ്പിച്ചത്.