തെലുങ്കാന: കെ.സി.ആര്‍ എന്ന മൂന്നക്ഷരം

പ്രാദേശിക രാഷ്ട്രീയ വാദം വിജയക്കൊടി പാറിച്ച തെലങ്കാനയില്‍ പോരാട്ടത്തിന് ചൂടേറിയിട്ടില്ല. കെ.ചന്ദ്രശേഖര റാവുവിന്റെ തെലങ്കാന രാഷ്ട്ര സമിതിയും (ടി.ആര്‍.എസ്) കോണ്‍ഗ്രസും മുഖ്യ പാര്‍ട്ടികള്‍. മല്‍സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ച് ടി.ഡി.പി കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു. രാജ്യത്ത് ഏറ്റവുമൊടുവില്‍ രൂപംകൊണ്ട സംസ്ഥാനമാണ് തെലങ്കാന. രൂപീകരണത്തിന് ശേഷമുള്ള രണ്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പ്. ഡിസംബറില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ടത് ടി.ആര്‍.എസിന്റെ പടയോട്ടം. കോണ്‍ഗ്രസ് നേതൃത്വം കൊടുത്ത മഹാകൂട്ടമി തോറ്റുതുന്നംപാടി. കാലാവധി പൂര്‍ത്തിയാക്കാന്‍ ആറുമാസമുള്ളപ്പോഴാണ് മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു സര്‍ക്കാര്‍ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്തിയത്. കെ.സി.ആറിന്റെ പ്രതീക്ഷകള്‍ തെറ്റിയില്ല. 119 അംഗ നിയമസഭയില്‍ 88 സീറ്റ്. കോണ്‍ഗ്രസ് 19, ഉവൈസിയുടെ എ.ഐ.എം. ഐ.എം ഏഴ്, ടി.ഡി.പി രണ്ട്, ബി.ജെ.പി-1, മറ്റുള്ളവര്‍- 2.

എതിരാളിയില്ലാതെ
പാര്‍ട്ടിയിലും ഭരണത്തിലും എതിരാളിയില്ല കെ.സി.ആര്‍ എന്ന കെ. ചന്ദ്രശേഖര റാവുവിന്. ആത്മവിശ്വാസം വാനോളം. പ്രധാനമന്ത്രി പദത്തില്‍ നേരത്തെ തന്നെ കണ്ണുണ്ട്. സാഹചര്യങ്ങള്‍ ഒത്തുവന്നാല്‍ ഇന്ദ്രപ്രസ്ഥത്തില്‍ ഒരു കൈനോക്കും. പണവും അധികാരവും കെ.സി.ആറിന് ലഹരിയാണ്. അധികാരത്തിലെ കുടുംബാധിപത്യവും ചോദ്യം ചെയ്യപ്പെടുന്നു എന്നത് യാഥാര്‍ത്ഥ്യം. മകന്‍ കെ.ടി രാമറാവുവും മരുമകന്‍ ഹരീഷ് റാവുവും എം.എല്‍.എമാരാണ്. മകള്‍ കെ. കവിത ലോക്‌സഭാഗവും. അകന്ന കുടുംബക്കാരും എം.എല്‍.എമാരായുണ്ട്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത് രണ്ടുമാസം കഴിഞ്ഞാണ് കെ.സി.ആര്‍. മന്ത്രിസഭ വിപുലീകരിച്ചത്. സംസ്ഥാന പദവി വാഗ്ദാനം ചെയ്തതുകൊണ്ട് 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം നിന്നു. കേന്ദ്രമന്ത്രിയുമായി. പിന്നീട് സംസ്ഥാന രൂപീകരണത്തില്‍ കോണ്‍ഗ്രസിന് താല്‍പ്പര്യമില്ലെന്ന് ആരോപിച്ച് ബന്ധം ഉപേക്ഷിച്ചു. നിരന്തര പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ 2014 ജൂണിലാണ് തെലങ്കാന രൂപീകൃതമായത്. ആദ്യ തെരഞ്ഞെടുപ്പില്‍ ടി.ആര്‍.എസ് അധികാരത്തിലെത്തി. റാവു മുഖ്യമന്ത്രിയും.

കലിപ്പിലാണ് കര്‍ഷകര്‍
ഭരണം നിലനിര്‍ത്താന്‍ ടി.ആര്‍.എസിനെ സഹായിച്ച പദ്ധതിയാണ് റൈത്തു ബന്ധു. ഏക്കറൊന്നിന് എല്ലാ കര്‍ഷകര്‍ക്കും 4,000 രൂപ വീതം. പദ്ധതിയുടെ കീഴിലുള്ളത് 58.33 ലക്ഷം കര്‍ഷകര്‍. ഈ പദ്ധതിയുടെ അനുകരണമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി. ഇപ്പോള്‍ കാര്യങ്ങള്‍ കലങ്ങിമറിഞ്ഞു. വരള്‍ച്ച, കുടിവെള്ളവും വൈദ്യുതിയും ഉറപ്പാക്കുക, വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കരണം, തൊഴിലില്ലായ്മയ്ക്ക് പരിഹാരം, തുടങ്ങി നിരവധി പ്രശ്‌നങ്ങളുണ്ട്. ചോളം, മഞ്ഞള്‍, ഉള്ളി എന്നിവയ്ക്ക് കുറഞ്ഞ താങ്ങുവില പോലും ലഭിച്ചില്ല. ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കാത്തതിലും സര്‍ക്കാര്‍ നയങ്ങളിലും പ്രതിഷേധിച്ച് കര്‍ഷകര്‍ ഒന്നടങ്കം മല്‍സരരംഗത്തിറങ്ങി. നിസാമാബാദ് മണ്ഡലത്തില്‍ ഇരുന്നൂറോളം കര്‍ഷകരാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. കെ.സിആറിന്റെ മകളും സിറ്റിങ് എം.പിയുമായ കവിതയാണ് ഇക്കുറിയും നിസാമാബാദിലെ ടി.ആര്‍.എസ് സ്ഥാനാര്‍ത്ഥി.

കൈയ്യയച്ച് സഹായം
തെലങ്കാനയില്‍ മല്‍സരിക്കാനില്ലെന്ന ടി.ഡി.പിയുടെ പ്രഖ്യാപനത്തില്‍ ഞെട്ടേണ്ടതില്ല. നേതാക്കളുടെയും അണികളുടെയും കൊഴിഞ്ഞുപോക്ക് അത്രയുണ്ട്. സ്ഥാനാര്‍ത്ഥികളെയും കിട്ടാനില്ല. ലോക്‌സഭ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടക്കുന്നതിനാല്‍ ശ്രദ്ധ മുഴുവന്‍ ആന്ധ്രയിലാണ്. തെലങ്കാനയില്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കിയെങ്കിലും ആന്ധ്രയില്‍ കാര്യങ്ങള്‍ നേരെ മറിച്ച്. കോണ്‍ഗ്രസും വൈ.എസ്.ആര്‍. കോണ്‍ഗ്രസും ബി.ജെ.പിയും ശത്രുപക്ഷത്തുണ്ട്. നിയമസഭയില്‍ ടി.ഡി.പി.ക്ക് ലഭിച്ചത് രണ്ടുസീറ്റുമാത്രം. ആ രണ്ട് എം.എല്‍.എ.മാരും ഇപ്പോള്‍ ടി.ആര്‍.എസ് പാളയത്തില്‍. പ്രതീക്ഷയുണ്ടായിരുന്ന ഏകമണ്ഡലം ആന്ധ്രാ അതിര്‍ത്തിയിലെ ഖമ്മം. അവിടത്തെ സ്ഥാനാര്‍ഥിയാകേണ്ട പാര്‍ട്ടി പൊളിറ്റ് ബ്യുറോ അംഗം നാമാ നാഗേശ്വരറാവു ഇരുട്ടിവെളുത്തപ്പോള്‍ ടി.ആര്‍.എസ് സ്ഥാനാര്‍ത്ഥി.

നേതാവിനെ കാത്ത്
കഴിഞ്ഞതവണ കോണ്‍ഗ്രസിന് കിട്ടിയത് രണ്ടു സീറ്റ് മാത്രം. ഉയര്‍ത്തിക്കാട്ടാന്‍ നല്ലൊരു നേതാവില്ല. പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഉത്തംകുമാര്‍ റെഡ്ഡിയെക്കുറിച്ച് മതിപ്പ് പോരാ. പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്‍ കളത്തിലിറങ്ങിയെങ്കിലും കാര്യമായ മാറ്റമുണ്ടായില്ല. കോണ്‍ഗ്രസിലെ നേതാക്കള്‍ ടി.ആര്‍.എസിലേക്ക് കൂറുമാറുന്നത് പതിവുകാഴ്ച. ഒമ്പത് എം.എല്‍.എമാര്‍ ഇതിനകം കൂറുമാറി. ഇതോടെ 119 അംഗ സഭയില്‍ കോണ്‍ഗ്രസ് അംഗബലം 19ല്‍ നിന്ന് പത്തായി കുറഞ്ഞു. മറ്റുപാര്‍ട്ടികളില്‍ നിന്ന് ഒഴുക്ക് കൂടിയതോടെ ടി.ആര്‍.എസിന്റെ അംഗബലം നൂറിലേക്കടുക്കുന്നു. നിയമസഭയുടെ മൊത്തം അംഗബലത്തിന്റെ പത്തുശതമാനമെങ്കിലും എം.എല്‍.എമാരില്ലെങ്കില്‍ പ്രതിപക്ഷനേതാവിന്റെ പദവി നഷ്ടപ്പെടും. പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ കഠിനശ്രമത്തിലാണ് രാഹുല്‍ ഗാന്ധി. താര പ്രചാരകരെ ഇറക്കിയാണ് കളി. ടി.ആര്‍.എസ് വിട്ട് കോണ്‍ഗ്രസിലെത്തിയ നടി വിജയശാന്തിയെ കേള്‍ക്കാന്‍ ആളുകള്‍ കൂടുന്നുണ്ട്.

പോരാട്ടം പേരിനോ ?
പേരിന് മാത്രമുള്ള പോരാട്ടമാണ് ബി.ജെ.പിയുടേത്. കാര്യമായൊന്നും ചെയ്യാനില്ല. കഴിഞ്ഞതവണ പിടിച്ച സെക്കന്ദരാബാദ് നിലനിര്‍ത്തുക എന്ന ഒറ്റലക്ഷ്യം. ഒറ്റക്ക് മത്സരിക്കുന്നതിനാല്‍ അതൊട്ടുംതന്നെ എളുപ്പമല്ല. നിയമസഭ തെരഞ്ഞെടുപ്പില്‍ സെക്കന്ദരാബാദിലെ അസംബ്ലി മണ്ഡലങ്ങളില്‍ ടി.ആര്‍.എസ് 1,48,000 വോട്ടുകള്‍ക്ക് മുന്നിലാണ്. തെരഞ്ഞെടുപ്പിനുശേഷം കെ.സി.ആറിന്റെ പിന്തുണ നേടണം. അതിനായി ടി.ആര്‍.എസിനെ തഴുകിയാണ് പ്രചാരണം. കാര്യമായ വിമര്‍ശനങ്ങളില്ല. കോണ്‍ഗ്രസ്-ബി.ജെ.പി ഇതര കൂട്ടായ്മയെക്കുറിച്ച് കെ.സി.ആര്‍ വാചാലനാവുന്നുണ്ടെങ്കിലും കാര്യത്തോടടുക്കുമ്പോള്‍ വഴങ്ങുമെന്ന പ്രതീക്ഷയിലാണ് മോദിയും കൂട്ടരും.

ഉവൈസി എന്ന വജ്രായുധം
തലസ്ഥാനമായ ഹൈദരാബാദ് ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എ.ഐ.എം.ഐ.എം) നേതാവ് അസദുദ്ദീന്‍ ഉവൈസിയുടെ തട്ടകമാണ്. ഒരുകാലത്ത് കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ മണ്ഡലം. കഴിഞ്ഞ മൂന്ന് ദശകത്തിലേറെയായി ദേശീയ പാര്‍ട്ടികള്‍ ഇവിടെ വെറും കാഴ്ചക്കാര്‍. 1984 ല്‍ സുല്‍ത്താന്‍ സലാഹുദ്ദീന്‍ ഉവൈസിയുടെ വരവോടെയാണ് കോണ്‍ഗ്രസിന് അടിതെറ്റിയത്. അന്ന് സ്വതന്ത്രനായി മത്സരിച്ച് ജയിച്ച അദ്ദേഹം 89 മുതല്‍ എ.ഐ.എം.ഐ.എം ബാനറിലും ആറു തവണ വിജയം തുടര്‍ന്നു. 2004 ലാണ് മകന്‍ അസദുദ്ദീന്‍ ഉവൈസി എത്തിയത്. 2009 ലും 2014 ലും അസദുദ്ദീന്‍ അനായാസം ജയിച്ചുകയറി. കഴിഞ്ഞതവണ 2,02454 വോട്ടിന്റെ ഭൂരിപക്ഷം. ഇത്തവണയും അദ്ദേഹം കളത്തിലുണ്ട്. എതിരാളിയായി കോണ്‍ഗ്രസ് അസ്ഹറുദ്ദീനെ ഇറക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഫിറോസ് ഖാനാണ് നറുക്ക് വീണത്.

കരുനീക്കം
പരസ്പര സഹകരണത്തോടെ മത്സരിക്കാനാണ് എ.ഐ.എം.ഐ.എം-ടി.ആര്‍.എസ് ധാരണ. സംസ്ഥാനത്തെ 17 മണ്ഡലങ്ങളില്‍ 16ലും ടി.ആര്‍.എസ് മത്സരിക്കും. ഹൈദരാബാദില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തില്ല. ഇവിടെ പിന്തുണ ഉവൈസിക്ക്. മറ്റിടങ്ങളില്‍ തിരിച്ചും. നിയമസഭാ തെരഞ്ഞെടുപ്പിലും ഇരുപാര്‍ട്ടികളും തമ്മില്‍ ധാരണയുണ്ടായിരുന്നു. ഉവൈസിയുടെ ലക്ഷ്യം കോണ്‍ഗ്രസ്-ബി.ജെ.പി ഇതര മുന്നണിയാണ്. മതേതര സഖ്യത്തിന് കോണ്‍ഗ്രസിന്റെ പിന്തുണ വേണ്ടെന്നും കോണ്‍ഗ്രസിനു പുറത്തും ജനാധിപത്യത്തിന് പ്രകാശമാനമായ ഭാവിയുണ്ടെന്നുമാണ് ഉവൈസിയുടെ വാദം. ന്യൂനപക്ഷങ്ങള്‍ക്കിടയിലുള്ള ഉവൈസിയുടെ സൗഹൃദ ചങ്ങല മുലെടുക്കാനാണ് ടി.ആര്‍.എസ് ലക്ഷ്യം. ഹൈദരാബാദിന്റെ പേരു മാറ്റണമെന്നടക്കമുള്ള വര്‍ഗീയ പ്രചാരണവുമായി ബി.ജെ.പി രംഗത്തെത്തിയത് കാര്യങ്ങള്‍ എളുപ്പമാക്കും.

SHARE