ലോക്‌സഭ: മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടി സ്ഥാനാര്‍ത്ഥി, പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീര്‍

മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറം മണ്ഡലത്തില്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പിയും പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പിയും മത്സരിക്കും. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് ഇരുവരുടെയും സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ഇരുവരും നിലവില്‍ ഇതേ മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന പാര്‍ലമെന്റ് അംഗങ്ങളാണ്. ഇരുവരെയും മികച്ച ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്ന് ഹൈദരലി തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന ഫാസിസ്റ്റ് സര്‍ക്കാറിനു കീഴില്‍ രാജ്യം വെല്ലുവിളി നേരിടുമ്പോള്‍ യു.പി.എ മുന്നണിക്ക് കരുത്തേകുക ജനാധിപത്യ, മതേതര വിശ്വാസികളുടെ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ. അഹമ്മദിന്റെ വിയോഗത്തെ തുടര്‍ന്ന് 2017-ലാണ് പി.കെ കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റിലേക്ക് മത്സരിക്കുന്നത്. കേരളത്തില്‍ നിന്ന് ഏറ്റവുമധികം വോട്ടുകള്‍ നേടി റെക്കോര്‍ഡോടെ അദ്ദേഹം ലോക്‌സഭയിലെത്തി.

മുസ്ലിം വിദ്യാര്‍ത്ഥി ഫെഡറേഷനിലൂടെയാണ് പി.കെ കുഞ്ഞാലിക്കുട്ടി സജീവ രാഷ്ട്രീയത്തിലെത്തിയത്. എം.എസ്.എഫിന്റെ പ്രഥമ സംസ്ഥാന ട്രഷറര്‍. 1982 ല്‍ മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഭരണ നിര്‍വഹണ രംഗത്തേക്ക് പ്രവേശിച്ചത്. 1982 ലും 1987 ലും മലപ്പുറത്തു നിന്ന് കേരള നിയമ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കുറ്റിപ്പുറം നിയമസഭാ മണ്ഡലത്തില്‍ 1991 ലും 1996 ലും 2001 ലും വിജയിച്ചു.

1991 ലെ കരുണാകരന്‍ മന്ത്രി സഭയില്‍ വ്യവസായ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി. 1995 ലെ എ.കെ ആന്റണി മന്ത്രി സഭയില്‍ വാണിജ്യ വ്യവസായ മന്ത്രി. 2001 ലെ എ.കെ ആന്റണി മന്ത്രിസഭയിലും 2004 ലെ ഉമ്മന്‍ ചാ@ി മന്ത്രിസഭയിലും വിവര സാങ്കേതിക വിദ്യ വ്യവസായ മന്ത്രി. 2011 ലെ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ വ്യവസായവിവര സാങ്കേതിക വകുപ്പ് മന്ത്രി. കേരളത്തിന്റെ പ്രതിശീര്‍ഷ വരുമാനം ചരിത്രത്തിലാദ്യമായി ദേശീയ ശരാശരിയേക്കാള്‍ മുന്നോട്ടു കുതിച്ച 1991 96 കാലത്ത് അദ്ദേഹമായിരുന്നു വ്യവസായ മന്ത്രി.

കേരളത്തിലെ മൂന്ന് മന്ത്രിസഭകളില്‍ അംഗമായിട്ടുള്ള ഇ.ടി മുഹമ്മദ് ബഷീര്‍ സംസ്ഥാനത്തെ ജനകീയനായ വിദ്യാഭ്യാസ മന്ത്രി എന്ന നിലയില്‍ പ്രസിദ്ധനാണ്. 1983 ലെ ഉപതെരഞ്ഞെടുപ്പില്‍ മേപ്പയൂരില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1991, 1996, 2001 തെരഞ്ഞെടുപ്പുകളില്‍ തിരൂരില്‍ നിന്ന് നിയമസഭയിലേക്ക്. 1991 ലെ കരുണാകരന്‍ മന്ത്രി സഭയിലും 1995 ലെ ആന്റണി മന്ത്രിസഭയിലും 2004 ലെ ഉമ്മന്‍ ചാണ്ടി മന്ത്രി സഭയിലും വിദ്യാഭ്യാസ മന്ത്രി. 2009 ല്‍ പൊന്നാനിയില്‍ നിന്നാണ് ഇ.ടി ലോക്‌സഭയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ടത്. യു.പി.എ സര്‍ക്കാറില്‍ വിവിധ കാലയളവുകളിലായി സാമൂഹ്യ നീതി, സാമൂഹ്യ ശാക്തീകരണം സമിതി, മാനവ ശേഷി വികസന സമിതി, ആഭ്യന്തരകാര്യ സമിതി തുടങ്ങിയവയുടെയും അംഗമായി പ്രവര്‍ത്തിച്ചു. 2013 ല്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെയും കേന്ദ്ര വഖ്ഫ് കൗണ്‍സിലിന്റെയും അംഗമായി തരഞ്ഞെടുക്കപ്പെട്ടു.

ദേശീയ രാഷ്ട്രീയത്തിലെ ഇടപെടലുകളും നിലപാടുകളും ന്യൂനപക്ഷപിന്നോക്കദളിത് രാഷ്ട്രീയത്തിന്റെ വക്താവാക്കി. യുഎപിഎ, കരിനിയമങ്ങള്‍, വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍, അസ്സം പൗരത്വ ബില്‍, മുത്തലാഖ് ബില്‍, സാമുദായിക സംവരണം തുടങ്ങിയ വിഷയങ്ങളിലെ ലോക്‌സഭാ പ്രസംഗങ്ങള്‍ ദേശീയ ശ്രദ്ധ നേടി. ഏറ്റവുമധികം സ്വകാര്യ ബില്ലുകള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചരവരില്‍ ഒരാളാണ് അദ്ദേഹം. ജീവകാരുണ്യദുരിതാശ്വാസ പദ്ധതികള്‍ രാഷ്ട്രീയത്തിന്റെ മുഖമുദ്രയാക്കിയ ഇ.ടി നിലവില്‍ സി.എച്ച് സെന്റര്‍ ശൃംഖലയുടെ ചെയര്‍മാനാണ്.