കൂടത്തായി കേസ് വെല്ലുവിളി നിറഞ്ഞതെന്ന് ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: കൂടത്തായി കൊലപാതക പരമ്പര സംസ്ഥാന പൊലീസിനെ സംബന്ധിച്ച് തികഞ്ഞ വെല്ലുവിളിയാണെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. കൊലപാതകങ്ങളിലെ സയനൈഡിന്റെ അംശം കണ്ടെത്തുക വെല്ലുവിളിയാണ്. എല്ലാം അതിജീവിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ആദ്യ അന്വേഷണത്തിലെ പാളിച്ചയെ കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നില്ല. തെളിവ് ശേഖരിക്കുന്നതിനും മറ്റ് പ്രതികളെ പിടികൂടുന്നതിനുമാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നതെന്ന് ഡി.ജി.പി വ്യക്തമാക്കി.

ഓരോ കേസുകളിലും പ്രത്യേകം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയാണ് ഉത്തമം. പ്രതിക്ക് സയനൈഡ് എങ്ങനെ കിട്ടി എന്നത് പ്രധാനമാണ്. അന്വേഷണം കൂടുതല്‍ പേരിലേക്ക് നീങ്ങുന്നതിനാല്‍ പൊലീസ് സംഘത്തെ വിപുലീകരിക്കും. സയനൈഡിന്റെ തെളിവ് കണ്ടെത്തുക അസാദ്ധ്യമല്ല. പക്ഷേ ശ്രമകരമാണ്. അതിനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്. ഇക്കാര്യം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. സയനൈഡിന്റെ അംശം കണ്ടെത്താന്‍ രാസപരിശോധനകള്‍ ആവശ്യമെങ്കില്‍ വിദേശത്തെ ലാബുകളില്‍ വെച്ച് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.