തിരുവനന്തപുരം: കേരള ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷനില്‍ ജനറല്‍ മാനേജറായി വകുപ്പ് മന്ത്രി കെ.ടി ജലീലിന്റെ പിതൃ സഹോദരപുത്രന്‍ കെ.ടി അദീപിനെ നിയമമിച്ചതിനെതിരെയുള്ള ഹര്‍ജിയില്‍ മന്ത്രി ജലീലിന് ലോകായുക്തയുടെ നോട്ടീസ്. മന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തി സ്വജനപക്ഷപാതവും, അധികാര ദുര്‍വിനിയോഗവും നടത്തിയ മന്ത്രിക്ക് എതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത്‌ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി വി.കെ.എം ഷാഫി നല്‍കിയ ഹരജിയിലാണ് ലോകായുക്തയുടെ ഉത്തരവ്. ബന്ധുവിനെ നിയമിക്കുന്നതിന് വേണ്ടി മന്ത്രി ജലീല്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്തത് സംബന്ധിച്ച് മന്ത്രി തന്നെ മറുപടി നല്‍കേണ്ടതുകൊണ്ട് പ്രാഥമിക വാദം കേള്‍ക്കാന്‍ മന്ത്രിക്കും മറ്റ് എതിര്‍കക്ഷികള്‍ക്കും നോട്ടീസ് അയക്കാന്‍ ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ബാബു മാത്യു ജോസഫും ഉത്തരവിടുകയായിരുന്നു.
ആറാഴ്ച്ചക്കുള്ളില്‍ മന്ത്രിയുള്‍പ്പെടെയുള്ളവര്‍ സത്യവാങ്ങ് മൂലം സമര്‍പ്പിക്കണം. കേസ് മാര്‍ച്ച് 30ന് വീണ്ടും പരിഗണിക്കും. ഹര്‍ജിക്കാരന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം, അഡ്വ.പി.ഇ സജലും, സര്‍ക്കാരിനുവേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായരും ഇന്ന് ലോകായുക്തയ്ക്ക് മുന്നില്‍ ഹാജരായി. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസാണ് മന്ത്രി ജലീലിനെതിരായ ബന്ധു നിയമനം പുറത്ത് കൊണ്ട് വന്നത്. നിയമവും ചട്ടവും മറികടന്ന് യോഗ്യതയില്ലാത്ത മന്ത്രി ബന്ധുവിനെ നിയമിച്ചത് കയ്യോടെ പിടിയിലായതോടെ ജോലി രാജിവെച്ചിരുന്നു. തുടര്‍ന്ന് കൈപറ്റിയ ശമ്പളവും ആനുകൂല്ല്യങ്ങളും തിരിച്ചടച്ചാണ് രക്ഷപ്പെടാന്‍ ശ്രമിച്ചത്. എന്നാല്‍, സ്വജനപക്ഷപാതവും, അധികാര ധുര്‍വിനിയോഗവും നടത്തിയ മന്ത്രിക്ക് സ്ഥാനത്ത് തുടരാന്‍ അര്‍ഹത നഷ്ടപ്പെട്ടെന്നും കുറ്റ സമ്മതത്തോടെ ഇക്കാര്യത്തില്‍ നടപടി വേണമെന്നുമാണ് ഹര്‍ജിക്കാരന്റെ ആവശ്യം. ശക്തമായ ജനകീയ പ്രക്ഷോഭത്തെ വകവെക്കാതെ മുഖ്യമന്ത്രി മന്ത്രി ജലീലിനെ വഴിവിട്ട് സഹായിക്കുകയാണ്. വിജിലന്‍സ് അന്വേഷണ ആവശ്യം പോലും അട്ടിമറിച്ചതോടെയാണ് ലോകായുക്തയെ സമീപിച്ചത്.