ലോക കേരള സഭ; ലക്ഷങ്ങള്‍ പൊടിച്ച് വിവാദ കമ്പനിക്ക് കരാര്‍ നല്‍കി സോഷ്യല്‍ മീഡിയ പ്രചാരണം

അഷ്‌റഫ് തൈവളപ്പ്
കൊച്ചി: സാമ്പത്തിക ഞെരുക്കത്തിലും ധൂര്‍ത്ത് ശീലമാക്കിയ ഇടത് സര്‍ക്കാര്‍ വിവാദമായ ലോക കേരള സഭയുടെ സോഷ്യല്‍ മീഡിയ പ്രചാരണത്തിനായും ലക്ഷങ്ങള്‍ ചെലവാക്കി. പബ്ലിക്ക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിലനില്‍ക്കെ കോഴിക്കോട് ആസ്ഥാനമായ സ്വകാര്യ ഏജന്‍സിക്കായിരുന്നു സോഷ്യല്‍ മീഡിയ പ്രചാരണത്തിനുള്ള ചുമതല. ഇതിനായി ചെലവഴിച്ചത് 6.93 ലക്ഷം രൂപയും.

ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ നിന്ന് പ്രമുഖ വിവരാവകാശ പ്രവര്‍ത്തകന്‍ എസ്.ധനരാജിന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് ലോക കേരള സഭയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണത്തിന് ഗ്ലോബല്‍ ഇന്നോവേറ്റീവ് ടെക്‌നോളജീസ് എന്ന സ്ഥാപനത്തിന് 6,93,175 രൂപ അനുവദിച്ച് നല്‍കിയതായി വ്യക്തമാക്കുന്നത്.

ഈ കമ്പനിയെ തെരഞ്ഞെടുത്തതിന്റെ പിന്നിലുള്ള മാനദണ്ഡമോ മറ്റു കാര്യങ്ങളോ പി.ആര്‍.ഡി ഓഫീസ് വ്യക്തമാക്കിയിട്ടില്ല. ലോക കേരള സഭയുടെ മറവില്‍ സര്‍ക്കാര്‍ നടത്തിയ ഭക്ഷണ ധൂര്‍ത്ത് നേരത്തേ പുറത്തായിരുന്നു. ഇടത് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സമൂഹമാധ്യമങ്ങള്‍ വഴി ഒരു മാസം മാത്രം പ്രചാരണം നടത്തിയതിന് 42.47 ലക്ഷം രൂപ കൈപറ്റി വിവാദത്തിലായ സ്ഥാപനമാണ് ഗ്ലോബല്‍ ഇന്നോവേറ്റീവ് ടെക്‌നോളജീസ്. കോഴിക്കോട്ടെ പ്രമുഖ സിപിഎം നേതാവിന്റെയും മുന്‍ എം.എല്‍.എയുടെയും മകന്‍ അടക്കം ഇടത് സഹയാത്രികര്‍ പാര്‍ട്ണര്‍മാരായ കമ്പനിയാണിത്. കമ്പനിയുടെ പ്രധാനികളിലൊരാള്‍ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ പയ്യോളി നഗരസഭയില്‍ ഇടത് സ്ഥാനാര്‍ഥിയായി മത്സരിച്ച് തോറ്റിരുന്നു. നിയമസഭ തെരഞ്ഞെടുപ്പില്‍ കോഴിക്കോട്ടെ വിവിധ സിപിഎം സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടിയും ഈ കമ്പനി പ്രചാരണം നടത്തിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ലോക കേരള സഭയുടെ സോഷ്യല്‍ മീഡിയ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ചുമതല ഈ സ്വകാര്യ കമ്പനിക്ക് നല്‍കിയത് വഴി വന്‍ അഴിമതിയും സ്വജനപക്ഷപാതവും നടന്നതായാണ് സൂചന.

പൊതുഖജനാവിലെ പണം തുടര്‍ച്ചയായി ഒരേ കമ്പനിക്ക് തന്നെ കൃത്യമായ മാനദണ്ഡങ്ങളില്ലാതെ വഴിവിട്ട് നല്‍കുന്നതും വിവാദമാവുകയാണ്. അതേസമയം, ലക്ഷങ്ങള്‍ പൊടിച്ചിട്ടും പ്രധാന സോഷ്യല്‍ മീഡിയകളായ ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ലോക കേരള സഭയുടെ പേരില്‍ തുടങ്ങിയ പേജുകള്‍ക്ക് കാര്യമായ പ്രതികരണം പോലും ലഭിച്ചില്ല. 2017 ഒക്ടോബര്‍ 27ന് തുടങ്ങിയ ലോക കേരള സഭയുടെ പേജില്‍ ലൈക്കുകളും ഫോളോ ചെയ്യുന്ന ആള്‍ക്കാരുടെ എണ്ണവും അയ്യായിരത്തില്‍ താഴെ മാത്രം. പേജുകളിലെ പോസ്റ്റുകള്‍ക്കും പൊതുജനങ്ങളില്‍ നിന്നോ പ്രവാസികളില്‍ നിന്നോ കാര്യമായ പ്രതികരണം പോലുമില്ല. മാത്രമല്ല, ലോക കേരള സഭയുമായി ബന്ധമില്ലാത്ത പോസ്റ്റുകളും ഈ പേജില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. ലക്ഷങ്ങള്‍ ചെലവാക്കിയിട്ടും ഏറെ ദയനീയമാണ് ലോക കേരള സഭയുടെ ഇന്‍സ്റ്റഗ്രാം പേജും. ഈ പേജിനെ ആകെ ഫോളോ ചെയ്യുന്നത് 225 പേര്‍ മാത്രം. പോസ്റ്റുകളുടെ എണ്ണം 156.