ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായ പരജായം ഏറ്റുവാങ്ങുന്ന ബി.ജെ.പിക്ക് ബിഹാറിലും കുരുക്ക് രൂപപ്പെടുന്നു. സഖ്യ കക്ഷിയായ ജെ.ഡി.യു ആണ് സീറ്റ് വിഭജനത്തെച്ചൊല്ലി ബി.ജെ.പിക്കെതിരെ പുതിയ പോര്‍മുഖം തുറക്കുന്നത്. ആകെയുള്ള സീറ്റ് തുല്യമായി പങ്കിട്ടെടുക്കുക എന്ന ഇതുവരെയുള്ള ധാരണ നടക്കില്ലെന്നും കൂടുതല്‍ സീറ്റു വേണമെന്നുമാണ് ജെ.ഡി.യു ആവശ്യം. ജെ.ഡി.യു വൈസ് പ്രസിഡണ്ടും പൊളിറ്റിക്കല്‍ സ്ട്രാറ്റജിസ്റ്റുമായ പ്രശാന്ത് കിഷോര്‍ ആണ് പുതിയ ആവശ്യവുമായി രംഗത്തെത്തിയത്.
മുഖ്യമന്ത്രി നിതീഷ് കുമാറും ബിജെപിയും തമ്മില്‍ നിലവിലുള്ള ധാരണ പ്രകാരം 50 ശതമാനം വീതം സീറ്റുകളിലാണ് ഇരു പാര്‍ട്ടികളും മത്സരിക്കുന്നത്. എന്നാല്‍ 1:1.4 അനുപാതത്തില്‍ സീറ്റു വിഭജനം നടക്കണമെന്ന ആവശ്യവുമായാണ് പ്രശാന്ത് കിഷോര്‍ രംഗത്തു വന്നിരിക്കുന്നത്. 2009 ലോക്‌സഭാ തിരഞ്ഞെടുപ്പിലും 2010 നിയമസഭാ തിരഞ്ഞെടുപ്പിലും ഈ രീതിയാണ് പിന്തുടര്‍ന്നിരുന്നത്. അതുകൊണ്ടു തന്നെ സീറ്റു ധാരണ സംബന്ധിച്ച് ബിജെപി പുനരാലോചന നടത്തണമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു. ഇതോടെ സീറ്റു വിഭജനം സംബന്ധിച്ച അഭിപ്രായം പറയാനുള്ള പ്രശാന്ത് കിഷോറിന്റെ യോഗ്യതയെ ചോദ്യം ചെയ്തു കൊണ്ടു ബിജെപി നേതാക്കള്‍ എത്തി.
മേയില്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സീറ്റു ധാരണപ്രകാരം തന്നെ നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിക്കുമെന്നു ബിജെപി നേതാവ് നിതിന്‍ നവീന്‍ പറഞ്ഞു. 2015 ലെ തിരഞ്ഞെടുപ്പില്‍ ജെഡിയുവും ആര്‍ജെഡിയും തുല്യസീറ്റുകളിലാണ് മത്സരിച്ചത്. ബിജെപി-ജെഡിയു സഖ്യത്തിലെ സീറ്റു വിഭജനം സംബന്ധിച്ച് ഇരുപാര്‍ട്ടികളുടെയും ഹൈക്കമാന്‍ഡാണ് തീരുമാനം എടുക്കേണ്ടതെന്നും പ്രശാന്ത് കിഷോര്‍ എന്തിനാണ് ഇതില്‍ ഇടപെടുന്നതെന്നു മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനെ എതിര്‍ക്കുന്ന പ്രശാന്ത് കിഷോര്‍, ബിജെപിയുമായി ഇപ്പോള്‍ തന്നെ ഇടഞ്ഞു നില്‍ക്കുകയാണ്. പൗരത്വ ഭേദഗതി ബില്ലിനെ എതിര്‍ത്തു മുഖ്യമന്ത്രി നിതീഷ് കുമാര്‍ രംഗത്തുവന്നിരുന്നെങ്കിലും ബില്‍ ലോക്‌സഭയില്‍ പാസാക്കിയ ശേഷം നിതീഷ് ഇതുവരെ അഭിപ്രായം തുറന്നു പറഞ്ഞിട്ടില്ല. എന്നാല്‍ നിയമം നടപ്പാക്കാതിരിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഉള്‍പ്പെടെ പ്രശാന്ത് ട്വിറ്ററില്‍ പങ്കുവച്ചിരുന്നു.
ഇതിനെത്തുടര്‍ന്നു പ്രശാന്ത് ജെഡിയുവില്‍ നിന്നു രാജിവയ്ക്കുന്നതായും അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ നിതീഷ് കുമാറുമായുള്ള ചര്‍ച്ചയില്‍ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കുകയായിരുന്നു. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന ഡല്‍ഹിയില്‍ ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിക്കു വേണ്ടി തന്ത്രങ്ങള്‍ മെനയുന്നതും പ്രശാന്ത് കിഷോറിന്റെ ഉപദേശക സ്ഥാപനമായ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി (ഐ–പാക്) ആണ്. ബിജെപിയാണ് ഡല്‍ഹിയില്‍ എഎപിയുടെ മുഖ്യ എതിരാളി.