ലക്നൗ: ലോക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങിയ യുവാവ് പൊലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടു. റിസ്വാന് അഹമ്മദ് (22) ആണ് പൊലീസ് മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് മരിച്ചത്. ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ നഗര്‍ ജില്ലയിലാണ് സംഭവം.
ഏപ്രില്‍ 15-നാണ് സംഭവം. വീട്ടിലേക്ക് വേണ്ട സാധനങ്ങള്‍ വാങ്ങിക്കാന്‍ പോയപ്പോഴാണ് പൊലീസ് മര്‍ദ്ദിച്ചതെന്ന് റിസ്വാന്റെ പിതാവ് ഇസ്രായേല്‍ പറഞ്ഞു. വൈകുന്നേരം നാലുമണിയോടെ റിസ് വാന്‍ ടൗണിലേക്ക് പോവുകയായിരുന്നു. ഇതിനിടെ ഒരു കൂട്ടം പൊലീസുകാര്‍ തടയുകയും മര്‍ദ്ദിക്കുകയും ചെയ്തു. തുടര്‍ന്ന് വീട്ടിലേക്ക് തിരിച്ചുവന്ന റിസ്വാനെ പിതാവ് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ അവിടെ നിന്നും ജില്ലാ ആസ്പത്രിയിലേക്ക് ഡോക്ടര്‍മാര്‍ റെഫര്‍ ചെയ്യുകയായിരുന്നു. പിന്നീട് പുലര്‍ച്ചെ രണ്ടുമണിയോടെ റിസ്വാന് മരണത്തിന് കീഴടങ്ങി. റിസ്വാന്റെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ പാടുകള്‍ ഉണ്ടായിരുന്നുവെന്ന് പിതാവ് പറഞ്ഞു.
സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് അഡീഷ്ണല്‍ സൂപ്രണ്ട് അവനീഷ് കുമാര്‍ മിശ്ര അറിയിച്ചു. സിസിടിവി പരിശോധിക്കുമെന്നും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കൂടുതല്‍ നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.