നാട്ടില്‍പോവണം; തെരുവിലിറങ്ങി തൊഴിലാളികള്‍; മഹാരാഷ്ട്രയില്‍ ലാത്തിച്ചാര്‍ജ്

മുബൈ: കോവിഡിന്റെ സമൂഹവ്യാപനത്തിന്റെ ആശങ്കകള്‍ക്കിടെ കടുത്ത നിയന്ത്രണങ്ങളുള്ള മുംബൈയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് കുടിയേറ്റ തൊഴിലാളികളുടെ പ്രതിഷേധം. കയ്യില്‍ പണമോ ഭക്ഷണോ ഇല്ലെന്നും സ്വന്തം നാട്ടിലേയ്ക്ക് മടങ്ങിപ്പോകാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ആയിരക്കണക്കിന് തൊഴിലാളികള്‍ ബാന്ദ്രയില്‍ തെരുവിലിറങ്ങിയത്. ഉത്തര്‍പ്രദേശ്, ബീഹാര്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് പ്രധാനമായും പ്രതിഷേധവുമായി രംഗത്തെത്തിയത്.

ലോക്ക്ഡൗണ്‍ നിയന്ത്രണള്‍ പാലിച്ച് താമസസ്ഥലങ്ങളിലേക്ക് മടങ്ങാന്‍ പോലീസ് നിര്‍ബന്ധിച്ചെങ്കിലും ഇവരെ പിരിച്ചുവിടാന്‍ പോലീസിന് ഒടുവില്‍ ലാത്തിച്ചാര്‍ച്ച് നടത്തേണ്ടി വന്നു.

രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ മെയ് 3 വരെ നീട്ടിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാവിലെ പ്രഖ്യാപനം നടത്തിയിരുന്നു. ലോക്ക്ഡൗണ്‍ നീട്ടിയ നടപടിയെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പ്രശംസിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ മൂന്നാഴ്ചയായി തുടരുന്ന ലോക്ക്ഡൗണ്‍ മൂലം വരുമാനം നഷ്ടപ്പെട്ട കുടിയേറ്റതൊഴിലാളികള്‍ വലിയ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. ഇന്ന് ലോക്ക്ഡൗണ്‍ അവസാനിക്കുമെന്ന് പ്രതീക്ഷിച്ചതിനാല്‍ നാട്ടിലേക്ക് മടങ്ങാമെന്ന പ്രതീക്ഷയില്‍ കുടിയേറിയ തൊഴിലാളികളാണ് മുംബൈയിലെ ബാന്ദ്ര വെസ്റ്റ് റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്.