ലോക്ക്ഡൗണ്‍ ദുരിതം: ഭക്ഷണം വാങ്ങാനായി മൂന്നു മാസം പ്രായമായ കുഞ്ഞിനെ മുവ്വായിരം രൂപയ്ക്ക് വിറ്റ് ബംഗാളി ദമ്പതികള്‍

കൊല്‍ക്കത്ത: ലോക്ക്ഡൗണില്‍ മൂന്നു മാസമായി ജോലിയില്ലാതായതിനെ തുടര്‍ന്ന് സ്വന്തം കുഞ്ഞിനെ വിറ്റ് ബംഗാളി ദമ്പതികള്‍. മുവ്വായിരം രൂപയ്ക്കാണ് രണ്ടര മാസം പ്രായമായ പെണ്‍കുഞ്ഞിനെ വിറ്റത്. പശ്ചിമബംഗാളില്‍ വെസ്റ്റ് മിഡ്‌നാപൂര്‍ ജില്ലയിലാണ് നടുക്കുന്ന സംഭവം.

ഹൗറയിലെ ഒരു വീട്ടില്‍ നിന്ന് കുഞ്ഞിനെ പൊലീസും ശിശുക്ഷേമ പ്രവര്‍ത്തകരും കണ്ടെത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. കുട്ടിയെ പിന്നീട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്റെ മാതാപിതാക്കളെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

മാതാപിതാക്കളുടെ അകന്ന ബന്ധുക്കളുടെ വീട്ടിലായിരുന്നു കുഞ്ഞ്. മുവ്വായിരം രൂപയ്ക്കാണ് കുഞ്ഞിനെ കൈമാറിയത് എന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി ഘടല്‍ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ അഗ്നീശ്വര്‍ ചൗധരി പറഞ്ഞു.

ദൃക്‌സാക്ഷികളുടെ മൊഴി അനുസരിച്ച് ബപന്‍ ധര, ഭാര്യ തപാസി എന്നിവരാണ് കുഞ്ഞിന്റെ മാതാപിതാക്കള്‍. ‘വീട്ടുസഹായി ആയാണ് തപാസി ജോലി ചെയ്തിരുന്നത് എന്ന് അയല്‍ക്കാര്‍ പറയുന്നു. മിക്ക കുടുംബങ്ങളും ഇപ്പോള്‍ സഹായികളെ വീട്ടില്‍ അനുവദിക്കാറില്ല. തപാസിക്ക് ജോലി പോയി. ദിവസ വേതനക്കാരനായ ബപനും ജോലി ഇല്ലാതായി. ഭക്ഷണം വാങ്ങാന്‍ വേണ്ടിയാണ് കുഞ്ഞിനെ വിറ്റത് എന്നാണ് മനസ്സിലായത്’ – പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ബപന്റെ അയല്‍വാസികളില്‍ നിന്നാണ് കുഞ്ഞിനെ വിറ്റ വിവരം പൊലീസ് അറിഞ്ഞത്. കുറച്ചു ദിവസമായി കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കാതായതോടെ അയല്‍ക്കാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. അന്വേഷണത്തിന് ഒടുവിലാണ് ഹൗറയിലെ മക്കളില്ലാത്ത കുടുംബത്തില്‍ നിന്ന് കുഞ്ഞിനെ കണ്ടെത്തിയത്.

എന്നാല്‍ ഭക്ഷണത്തിനു വേണ്ടിയാണ് ദമ്പതികള്‍ കുഞ്ഞിനെ വിറ്റത് എന്ന വാദം ഘടല്‍ എം.എല്‍.എ ശങ്കര്‍ ദല്‍യു അംഗീകരിച്ചില്ല. ദരിദ്രര്‍ക്കായി സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. അരി സൗജന്യമായാണ് നല്‍കുന്നത്. മറ്റു പദ്ധതികളും ഇതുപോലെയുണ്ട്. എന്നിട്ടും ദമ്പതികള്‍ കുഞ്ഞിനെ വിറ്റത് അചിന്തനീയമാണ്- അദ്ദേഹം പറഞ്ഞു.

SHARE