സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങുന്നവരെകണ്ടെത്താന്‍ പൊലീസ് ഇന്ന് മുതല്‍ ഡ്രോണുകള്‍ ഉപയോഗിക്കും. വാഹനങ്ങളെയും വ്യക്തികളെയും നേരിട്ട് സ്പര്‍ശിക്കാതെ ആയിരിക്കും ഇന്ന് മുതല്‍ വാഹന പരിശോധന ഉള്‍പ്പെടെയുള്ള പൊലീസ് നടപടികള്‍ നടത്തുക. ഇതിനായി എല്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും കയ്യുറകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട് . ഐഡന്റിറ്റി കാര്‍ഡ്, സത്യവാങ്മൂലം എന്നിവ കയ്യില്‍ വാങ്ങി പരിശോധിക്കാന്‍ പാടില്ല.
ആവശ്യമെങ്കില്‍ മതിയായ ദൂരത്തുനിന്ന് അവയുടെ ഫോട്ടോയെടുത്ത് തുടര്‍ നടപടികള്‍ സ്വീകരിക്കാനും ഡിജിപി നിര്‍ദേശം നല്‍കി.
ലോക്ഡൗണിന്റെ നാലാം ദിവസം സംസ്ഥാനത്താകെ 1381 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.1383 പേരെ അറസ്റ്റ് ചെയ്തു. 923 വാഹനങ്ങളും പിടിച്ചെടുത്തു. ഇതോടെ കഴിഞ്ഞ നാല് ദിവസങ്ങളിലായി എടുത്ത കേസുകളുടെ എണ്ണം 7091 ആയി.
അതേസമയം പൊലീസ് സ്റ്റേഷനുകളുടെ സേവനം അഭ്യര്‍ഥിക്കാന്‍ ഡിജിറ്റല്‍ സംവിധാനം ഏര്‍പ്പെടുത്തി. സ്റ്റേഷനുകളിലേയ്ക്ക് പൊതുജനങ്ങള്‍ നേരിട്ട് എത്തുന്നത് പരമാവധി ഒഴിവാക്കുന്നതിനാണ് പുതിയ സംവിധാനം.പരാതികള്‍, പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ അപേക്ഷകള്‍ എന്നിവ ഇമെയില്‍, വാട്സാപ്പ്, ഫോണ്‍ തുടങ്ങിയവ മുഖേന നല്‍കാവുന്നതാണ്. ലഭിക്കുന്ന അപേക്ഷകളില്‍ രസീത് നല്‍കി ഉടനടി നടപടി സ്വീകരിക്കും. കൈക്കൊണ്ട നടപടികള്‍ 48 മണിക്കൂറിനുള്ളില്‍ തന്നെ അപേക്ഷകരെ അറിയിക്കുകയും ചെയ്യും. പൊലീസ് സ്റ്റേഷനുകളിലെ ഇമെയില്‍ വിലാസം, വാട്സ്ആപ്പ് നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവയ്ക്ക് പരമാവധി പ്രചാരണം നല്‍കാന്‍ ഡി.ജി.പി നിര്‍ദ്ദേശം നല്‍കി.