ലോക്ക്ഡൗണ്‍ 4.0; വാഹനയാത്രകള്‍ ഇനി ഈ വിധത്തിലേ അനുവദിക്കൂ


തിരുവനന്തപുരം: ലോക്ക്‌ഡൌണ്‍ നാലാംഘട്ടത്തിന് മുന്നോടിയായി വാഹനയാത്രകള്‍ സംബന്ധിച്ച സംസ്ഥാനത്തിന്റെ നിര്‍ദേശം പുറത്ത്. സ്വകാര്യ വാഹനങ്ങള്‍, ടാക്‌സി ഉള്‍പ്പെടെ നാലുചക്ര വാഹനങ്ങളില്‍ ഡ്രൈവര്‍ക്കു പുറമെ രണ്ടു പേരെയും കുടുംബമാണെങ്കില്‍ മൂന്നുപേരെയും അനുവദിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ഓട്ടോറിക്ഷകളില്‍ ഡ്രൈവര്‍ക്ക് പുറമെ ഒരാളും കുടുംബമാണെങ്കില്‍ 3 പേരുമാണ് അനുവദിക്കുക. ഇരുചക്ര വാഹനങ്ങളില്‍ ഒരാളെയും കുടുംബാംഗമാണെങ്കില്‍ മാത്രം പിന്‍സീറ്റ് യാത്ര അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ആരോഗ്യകാരണങ്ങള്‍ ഉള്‍പ്പെടെയുള്ള അത്യാവശ്യ കാര്യങ്ങള്‍ക്കായി പോകുന്നവര്‍ക്ക് ഇളവ് അനുവദിക്കാന്‍ പൊലീസ് പ്രത്യേക ശ്രദ്ധ പതിപ്പിക്കും.

വിവിധ സോണുകളിലെ കണ്ടയിന്‍മെന്റ് സോണുകളിലേക്കും അതിനു പുറത്തേക്കുമുള്ള യാത്രകള്‍ അനുവദനീയമല്ല. അടിയന്തര ഘട്ടങ്ങളില്‍ ഇത്തരം യാത്ര നടത്തുന്നവര്‍ എത്തിച്ചേരുന്ന സ്ഥലത്ത് 14 ദിവസത്തെ ഹോം/സ്ഥാപന ക്വാറന്റയിനില്‍ ഏര്‍പ്പെടേണ്ടതാണ്.

എന്നാല്‍, മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് അനുവദനീയമായ പ്രവൃത്തികള്‍ക്കുള്ള യാത്രകള്‍ നടത്തുന്ന സര്‍ക്കാര്‍ ജീവനക്കാര്‍/സന്നദ്ധ സേവകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇത് ബാധകമല്ല.65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍, തുടര്‍ രോഗബാധയുള്ളവര്‍, ഗര്‍ഭിണികള്‍, 10 വയസ്സിനു താഴെയുള്ള കുട്ടികള്‍ എന്നിവര്‍ അടിയന്തര/ചികിത്സ ആവശ്യങ്ങള്‍ക്കൊഴികെ പരമാവധി വീടുകളില്‍തന്നെ കഴിയേണ്ടതാണ്.

SHARE