സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍. അവശ്യസാധന വില്‍പ്പനശാലകള്‍ക്ക് തുറക്കാന്‍ അനുമതിയുണ്ട്. പാല്‍, പത്രവിതരണം, മാധ്യമങ്ങള്‍, ആശുപത്രി, മെഡിക്കല്‍ സ്‌റ്റോര്‍, ലാബും അനുബന്ധ സ്ഥാപനങ്ങളും തുടങ്ങിയവ പ്രവര്‍ത്തിക്കാം. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായാണ് ഞായറാഴ്ച്ച സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ നടപ്പിലാക്കുന്നത്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനം, മാലിന്യനിര്‍മാര്‍ജനം, നിര്‍മാണ പ്രവര്‍ത്തനം, തുടര്‍ച്ചയായി പ്രവര്‍ത്തിക്കേണ്ട ഉല്‍പ്പാദന സംസ്‌കരണ ശാലകള്‍ എന്നിവയ്ക്ക് ഇളവുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് കോര്‍പറേഷന്‍ പരിധിയിലെ പ്രധാന റോഡുകളില്‍ കഴിഞ്ഞ ഞായറാഴ്ചയുണ്ടായിരുന്ന നിയന്ത്രണം തുടരും. പുലര്‍ച്ചെ അഞ്ചുമുതല്‍ രാത്രി പത്തുവരെ ഈ റോഡുകള്‍ അടച്ചിടും.

വാഹനങ്ങള്‍ക്ക് നിരത്തിലിറക്കാന്‍ അനുമതിയില്ല. ചരക്കുവാഹനം, ആരോഗ്യ സേവനം, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനം എന്നിവയ്ക്ക് ഇളവുണ്ട്. ഹോട്ടലുകളിലെ പാര്‍സല്‍ കൗണ്ടറുകള്‍ രാവിലെ എട്ടുമുതല്‍ രാത്രി ഒമ്പതുവരെ പ്രവര്‍ത്തിക്കാം. ഓണ്‍ലൈന്‍ ഡെലിവറി രാത്രി പത്തുവരെയും പ്രവര്‍ത്തിക്കാവുന്നതാണ്.

കാല്‍നട, സൈക്കിള്‍ യാത്രകളാകാം. ആരാധനാലയങ്ങളില്‍ പൂജയ്ക്ക് പോകാന്‍ പുരോഹിതന്‍മാര്‍ക്ക് അനുമതിയുണ്ട്. കല്യാണങ്ങളും മരണാനന്തരചടങ്ങുകളും നടത്താന്‍ അനുമതിയുണ്ട്. എന്നാല്‍, ആളുകള്‍ ഒത്തുകൂടാന്‍ പാടില്ല. സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശപ്രകാരമുള്ള അത്രയും ആളുകള്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ.

SHARE