തിരുവനന്തപുരത്ത് ഒരാഴ്ച കൂടി ലോക്ഡൗണ്‍ തുടരും


തിരുവനന്തപുരം: കോര്‍പ്പറേഷനു കീഴിലെ പ്രദേശങ്ങളില്‍ തിങ്കളാഴ്ച രാവിലെ ആറുമണിമുതല്‍ ഒരാഴ്ചകൂടി കര്‍ശന ലോക്ക് ഡൗണ്‍ തുടരുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. സെക്രട്ടേറിയറ്റിലെ ചീഫ് സെക്രട്ടറിയുടെ ഓഫീസ്, ആരോഗ്യം, ആഭ്യന്തരം, ദുരന്തനിവാരണം, തദ്ദേശസ്വയംഭരണം, നോര്‍ക്ക എന്നീ വകുപ്പുകള്‍ പരമാവധി 50 ശതമാനം ജീവനക്കാരെ നിശ്ചയിച്ച് ജോലി ക്രമീകരിക്കണം. സെക്രട്ടേറിയറ്റിലെ മറ്റു വകുപ്പുകളില്‍ അനിവാര്യമായ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കാന്‍ മാത്രം ആവശ്യമുള്ള ജീവനക്കാര്‍(പരമാവധി 30 ശതമാനം) ഹാജരാകാന്‍ ബന്ധപ്പെട്ട സെക്രട്ടറിമാര്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താം. സമയബന്ധിതമായ ജോലികള്‍ നിര്‍വഹിക്കേണ്ടതിനാല്‍ ഗവ. പ്രസ്സുകള്‍ക്കും പ്രവര്‍ത്തിക്കാം.

കേന്ദ്ര സര്‍ക്കാരിനു കീഴിലെ പ്രതിരോധം, എയര്‍പോര്‍ട്ട്, റെയില്‍വെ, പോസ്റ്റ് ഓഫീസ് അടക്കമുള്ള പൊതുജന സേവന സംവിധാനങ്ങള്‍, അവശ്യ സര്‍വീസുകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തനാനുമതിയുണ്ട്. കേരള സര്‍ക്കാരിനു കീഴില്‍ ജില്ലാ ഭരണകൂടം, ദുരന്തനിവാരണം, ആര്‍.ഡി.ഒ ഓഫീസ്, താലൂക്ക്,വില്ലേജ് ഓഫീസുകള്‍, പോലീസ്, ഹോം ഗാര്‍ഡ്, ഫയര്‍ഫോഴ്സ്, ജയില്‍ വകുപ്പ്, ട്രെഷറി, ജല, വൈദ്യുതി വകുപ്പുകള്‍, ആരോഗ്യ വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍(അവശ്യ ജീവനക്കാരെ മാത്രം ഉള്‍ക്കൊള്ളിക്കണം) എന്നിവ പ്രവര്‍ത്തിക്കും.

SHARE