ലോക്ക്ഡൗണ്‍ ഇളവുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ നാളെ മുതല്‍ നിലവില്‍ വരും. ലോക് ഡൌണ്‍ നീട്ടിയതായി അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി ഏപ്രില്‍ 14ന് രാജ്യത്തെ അഭിസംബോധന ചെയ്തപ്പോള്‍ വിവിധ മേഖലകളില്‍ ഉപാധികളോടെ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു.

ഇളവ് പ്രകാരം അത്യാവശ്യഘട്ടങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ അനുവദിക്കാന്‍ ഇളവ് നല്‍കിയിട്ടുണ്ട്. പിന്‍സീറ്റില്‍ ഒരു യാത്രക്കാരനും ഡ്രൈവറുമുള്‍പ്പടെ കാറില്‍ രണ്ടുപേര്‍ക്ക് മാത്രമായിരിക്കും യാത്രാനുമതി. എന്നാല്‍ ഇരുചക്രവാഹനത്തില്‍ ഒരാള്‍ക്ക് മാത്രം സഞ്ചരിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.ഓഫീസുകള്‍ക്കായുള്ള ഷിഫ്റ്റുകളും ഉച്ചഭക്ഷണ ഇടവേളകളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജോലി ചെയ്യുന്ന സമയത്ത് പത്ത് അടി ദൂരത്തില്‍ അകലം പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. മാസ്‌കുകള്‍ നിര്‍ബന്ധമായും ധരിക്കണം. വീട്ടില്‍ നിര്‍മിച്ച മാസ്‌കുകള്‍ ധരിക്കുന്നത് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. ഐടി കമ്പനികള്‍ക്ക് അമ്പതുശതമാനം ജീവനക്കാരെ അനുവദിച്ചപ്പോള്‍ മറ്റുമേഖലകളില്‍ 33 ശതമാനം ജീവനക്കാരെ വിളിക്കാനാണ് നിര്‍ദേശം.

65 വയസ്സില്‍ കൂടുതലുള്ളവര്‍, അഞ്ചുവയസ്സോ അതില്‍ കുറവോ പ്രായമുള്ള കുട്ടികളുള്ളവര്‍ എന്നിവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നല്‍കണം. തെര്‍മാക് പരിശോധനയും സാനിറ്റൈസറും സ്ഥാപിക്കാനും കമ്പനികള്‍ക്ക് നിര്‍ദേശമുണ്ട്.തിങ്കളാഴ്ച മുതല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് തൊഴിലാളികളെ കൊണ്ടുവരാന്‍ അനുവാദമില്ല.

ബാങ്ക്, എടിഎം, പോസ്റ്റ് ഓഫീസ്, പെട്രോള്‍, സിഎന്‍ജി പമ്പുകള്‍, ആശുപത്രികള്‍, നഴ്‌സിങ് ഹോം, ലാബോറട്ടറീസ്, മെഡിക്കല്‍ ഉപകരണ കേന്ദ്രങ്ങള്‍ എന്നിവ തുടര്‍ന്നും പ്രവര്‍ത്തിക്കും. ആംബുലന്‍സ്, ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍ എന്നിവര്‍ക്ക് ഒരു സംസ്ഥാനത്തുനിന്ന് മറ്റൊന്നിലേക്ക് കടക്കാന്‍ അനുവാദമുണ്ട്.

SHARE