സമ്പൂര്‍ണ ലോക്ഡൗണ്‍ ഉടന്‍ വേണ്ടെന്ന് തീരുമാനം; നിയമസഭാ സമ്മേളനം മാറ്റി


തിരുവനന്തപുരം: സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉടന്‍ പ്രഖ്യാപിക്കേണ്ടെന്ന് മന്ത്രിസഭാ തീരുമാനം. തിങ്കളാഴ്ച ചേരുന്ന പ്രത്യേക മന്ത്രിസഭാ യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. സര്‍വകക്ഷി യോഗത്തിന്റേയും മത, സാമുദായിക നേതാക്കളുടെയും അഭിപ്രായം കൂടി പരിഗണിക്കും. നിലവിലെ നിയന്ത്രണങ്ങള്‍ ശക്തമാക്കാനും മന്ത്രിസഭ തീരുമാനിച്ചു.

അതീവ ആശങ്കഉയര്‍ത്തും വിധമാണ് കോവിഡ് വ്യാപനമെങ്കിലും ഉടന്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ വേണ്ടെന്ന തീരുമാനമാണു മന്ത്രിസഭ കൈക്കൊണ്ടത്. കര്‍ശന നിയന്ത്രണം വേണമെന്ന ആരോഗ്യ വകുപ്പിന്റെ അഭിപ്രായം ആരോഗ്യമന്ത്രി മന്ത്രിസഭയെ അറിയിച്ചു. എന്നാല്‍ വിദഗ്ധ സമിതി ഇപ്പോഴും സമ്പൂര്‍ണലോക്ഡൗണിനെ പൂര്‍ണമായി പിന്തുണച്ചിട്ടില്ല. സാമ്പത്തികവും സാമൂഹികവുമായ യാഥാര്‍ഥ്യങ്ങളും കണക്കിലെടുക്കണമെന്നു ചില മന്ത്രിമാര്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു.

തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭാ യോഗം ചേര്‍ന്ന് തീരുമാനമെടുക്കും വരെ നിലവിലെ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കും. കേസുകള്‍ വലിയതോതില്‍ ഉയരുകയാണെങ്കിലും നിലവിലെ സാഹചര്യം നേരിടാന്‍ സംസ്ഥാനം സജ്ജമാണെന്ന വിലയിരുത്തലാണ് സര്‍ക്കാരിനുള്ളത്.

ഡോക്ടര്‍മാര്‍, അനുബന്ധ ജീവനക്കാര്‍, ആശുപത്രികളിലെ സൗകര്യങ്ങള്‍ എന്നിവ ഇപ്പോള്‍ ആവശ്യത്തിനു ലഭ്യമാണ്. മരുന്നുകളും പിപിഇ കിറ്റുകളും ടെസ്റ്റിങ് കിറ്റുകളും ഉണ്ട്. സമ്പൂര്‍ണ ലോക്ഡൗണ്‍ വരികയാണെങ്കില്‍ വേണ്ട മുന്നൊരുക്കങ്ങള്‍ക്ക് സമയം നല്‍കിക്കൊണ്ടാവും പ്രഖ്യാപനം. തിങ്കളാഴ്ച ചേരാനിരുന്ന നിയമസഭാ സമ്മേളനം മാറ്റിവെക്കാനും മന്ത്രിസഭ തീരുമാനിച്ചു.

SHARE