ലോക്ഡൗണ്‍ ഇളവു സംബന്ധിച്ചു ഇറക്കിയ ഉത്തരവിലെ പല വ്യവസ്ഥകളും പിന്നീടു പിന്‍വലിച്ച സാഹചര്യത്തില്‍ അന്നത്തെ ഉത്തരവില്‍ ഭേദഗതി വരുത്തി പുതിയ മാനദണ്ഡങ്ങള്‍ പ്രസിദ്ധീകരിച്ചു. പഴയ ഉത്തരവിലെ വ്യവസ്ഥകള്‍ നിലനിര്‍ത്തി ഏതാനും ഇളവുകള്‍ പിന്‍വലിക്കുകയാണു ചെയ്തിരിക്കുന്നത്. മെയ് 3 വരെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച വിലക്കുകളെല്ലാം തുടരും.
സ്വകാര്യ വാഹനങ്ങളുടെ ഒറ്റ, ഇരട്ട സംഖ്യാ നിയന്ത്രണം പുതിയ ഉത്തരവിലും ഉണ്ട്. തിങ്കള്‍, ബുധന്‍, വെള്ളി ഒറ്റ അക്ക നമ്പറുള്ള വണ്ടികളും ചൊവ്വ,വ്യാഴം,ശനി ഇരട്ട അക്ക വണ്ടികളും ഓടണം.നമ്പര്‍ അടിസ്ഥാനത്തിലുള്ള നിയന്ത്രണം ഞായറാഴ്ച ബാധകമല്ലെന്ന് ഉത്തരവില്‍ പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ വ്യക്തതയില്ല.
അവശ്യ സര്‍വീസുകളുടെയും മാധ്യമപ്രവര്‍ത്തകരുടെയും വാഹനങ്ങളെ ഈ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കി. വനിതകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഇളവുണ്ട്. ഡ്രൈവര്‍ക്കു പുറമേ പിന്‍സീറ്റില്‍ 2 പേര്‍ക്കു യാത്ര ചെയ്യാം.ഇരുചക്രവാഹനങ്ങളില്‍ ഒരാളേ പാടുള്ളൂവെങ്കിലും കുടുംബാംഗമാണെങ്കില്‍ ഒരാള്‍ കൂടി ആകാം.
അവശ്യസാധന വിതരണം സമയപരിധിയില്ലാതെ അനുവദിക്കും.നഗരമേഖലയിലെ ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍ക്കും ധാന്യമില്ലുകള്‍ക്കും പ്രവര്‍ത്തിക്കാം. അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 7 മുതല്‍ രാത്രി 7 വരെ. 50% ജീവനക്കാരുമായി തോട്ടങ്ങള്‍ക്കു പ്രവര്‍ത്തിക്കാം. ഇന്‍ഷുറന്‍സ് കമ്പനികള്‍,ഹൗസിങ് ഫിനാന്‍സ് കമ്പനികള്‍ ഉള്‍പ്പെടെയുള്ള നോണ്‍ ബാങ്കിങ് സാമ്പത്തിക സ്ഥാപനങ്ങള്‍,സഹകരണ വായ്പാ സംഘങ്ങള്‍ എന്നിവ തുറക്കാം.ഫാന്‍,വിദ്യാഭ്യാസ സംബന്ധമായ പുസ്തകങ്ങള്‍ എന്നിവ വില്‍ക്കുന്ന കടകള്‍ പ്രവര്‍ത്തിക്കും. ബസ്,ടാക്‌സി,ഓട്ടോറിക്ഷ സര്‍വീസുകള്‍ അനുവദിക്കില്ല.വിവാഹത്തിനും ശവസംസ്‌കാരത്തിനും 20 പേര്‍.എല്ലാ ഹോട്‌സ്‌പോട്ടുകളുടെയും അതിര്‍ത്തികള്‍ സീല്‍ ചെയ്യും.
ബാര്‍ബര്‍മാര്‍ക്കു വീട്ടിലെത്തി മുടി വെട്ടാന്‍ അനുവാദം നല്‍കുന്നതിന് ആലോചിച്ചിരുന്നുവെങ്കിലും ഉത്തരവില്‍ അനുമതിയില്ല.ആശുപത്രികള്‍ ,ലാബുകള്‍, മരുന്നു നിര്‍മാണ യൂണിറ്റുകള്‍,ആരോഗ്യ രംഗത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍, മഴക്കാലപൂര്‍വ ശുചീകരണം,കാര്‍ഷിക ജോലി, കാര്‍ഷിക വിപണനം, വളം നിര്‍മാണ ശാലകളും വില്‍പന കേന്ദ്രങ്ങളും,മത്സ്യബന്ധനം, മത്സ്യം വളര്‍ത്തല്‍, പാല്‍ ഉല്‍പാ ദനവും വിപണനവും, മുട്ട ഉല്‍പാദനവും വിപണനവും എന്നിവയ്ക്ക് അനുമതിയുണ്ട്.