ലോക്ഡൗണ്‍ മൂലം ആത്മഹത്യ ചെയ്ത ബസ് ഡ്രൈവര്‍ സന്തോഷിന്റെ മക്കളുടെ പഠന ചെലവ് യൂത്ത്ലീഗ് ഏറ്റെടുത്തു
കോഴിക്കോട്: ലോക്ക്ഡൗണ്‍ കാരണം സാമ്പത്തിക ബുദ്ധിമുട്ടിലായി ആത്മഹത്യ ചെയ്ത കോഴിക്കോട് സിറ്റി ബസ് ഡ്രൈവര്‍ സന്തോഷിന്റെ വീട് സന്ദര്‍ശിച്ച് മുസ്ലിം യൂത്ത്ലീഗ്. പത്താം ക്ലാസിലും പ്ലസ് വണ്ണിലും പഠിക്കുന്ന സന്തോഷിന്റെ രണ്ടു മക്കളുടെ വിദ്യാഭ്യാസ ചെലവുകളും യൂത്ത്ലീഗ് ഏറ്റെടുത്തു. ഈ കുടുംബത്തിന് അടിയന്തരമായി സര്‍ക്കാര്‍ സഹായം ലഭ്യമാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, ജില്ലാ സെക്രട്ടറി ജാഫര്‍ സാദിഖ്, എലത്തൂര്‍ മണ്ഡലം യൂത്ത്ലീഗ് ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്നാണ് സന്തോഷിന്റെ കുടുംബത്തെ സന്ദര്‍ശിച്ചത്.
പി.കെ ഫിറോസിന്റെ ഫെയ്സ്ബുക് കുറിപ്പ്:
ലോക്ക്ഡൗണില്‍ ബസ് ഓട്ടം നിലച്ചതിനാല്‍ കടക്കെണിയിലായതിന്റെ പേരില്‍ ജീവനൊടുക്കിയ കക്കോടിയിലെ സന്തോഷിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളെ ആശ്വസിപ്പിച്ചു. ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി ജാഫര്‍ സാദിഖും എലത്തൂര്‍ മണ്ഡലം ഭാരവാഹികളും കൂടെ ഉണ്ടായിരുന്നു.
കോഴിക്കോട് സിറ്റി ബസില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു സന്തോഷ്. മൂന്നു മാസത്തോളം ജോലി ഇല്ലാത്തതിനാല്‍ നിത്യവൃത്തിക്ക് പോലും ബുദ്ധിമുട്ടിലായി. ഒടുവില്‍ ഭാര്യയെയും രണ്ടു മക്കളെയും തനിച്ചാക്കി സന്തോഷ് ആത്മഹത്യ ചെയ്തു.
ലോക്ക്ഡൗണ്‍ കാരണം ബുദ്ധിമുട്ടിലായ സാധാരണക്കാരനെ സഹായിക്കാന്‍ എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്? വിഹിത സംഖ്യ അടക്കാന്‍ പണമില്ലാത്തതിനാല്‍ ക്ഷേമനിധിയില്‍ നിന്നു പോലും ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ഒരു ആനുകൂല്യവും നല്‍കുന്നില്ല. ഗതാഗത മന്ത്രിയുടെ മണ്ഡലത്തിലാണ് ഒരു ബസ് ജീവനക്കാരന് ഈ ഗതി വന്നത്.
ഈ കുടുംബത്തിന് സര്‍ക്കാര്‍ അടിയന്തിരമായി ധനസഹായം നല്‍കണം. ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവരെ ആത്മഹത്യയിലേക്ക് തള്ളി വിടാതെ അവര്‍ക്ക് ആശ്വാസമാകുന്ന രീതിയില്‍ സാമ്പത്തിക സഹായം നല്‍കണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം റോഡ് നന്നാക്കാനല്ല ചെലവഴിക്കേണ്ടത് ഇതു പോലുള്ള പാവങ്ങളുടെ ജീവന് രക്ഷിക്കാനാണ്.
പത്താം ക്ലാസിലും പ്ലസ് വണ്ണിനും പഠിക്കുന്ന രണ്ട് കുട്ടികളുടെയും വിദ്യാഭ്യാസ ചെലവുകള്‍ എലത്തൂര്‍ മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി ഏറ്റെടുത്ത കാര്യം അവരെ അറിയിച്ചിട്ടാണ് ഞങ്ങള്‍ വീട്ടില്‍ നിന്നും മടങ്ങിയത്.