ലോക്ക്ഡൗണില്‍ ജോലി നഷ്ടപ്പെട്ടു; ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

ലഖ്‌നൗ: ലോക്ക്ഡൗണ്‍ കാരണം ജോലി നഷ്ടപ്പെട്ട ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരി സ്വദേശിയായ ഭാനു പ്രകാശ് ഗുപ്ത (50) ആണ് വെള്ളിയാഴ്ച ജീവനൊടുക്കിയത്. കുടുംബത്തിന്റെ പട്ടിണി കാണാന്‍ കഴിയാതെ ഇയാള്‍ ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഷാജഹാന്‍പുരിലെ ഒരു ഹോട്ടലിലെ തൊഴിലാളി ആയിരുന്നു ഭാനു പ്രകാശ്. ഭാര്യയും നാലു കുട്ടികളും സുഖമില്ലാത്ത അമ്മയുമടക്കമുള്ള കുടുംബം കഴിഞ്ഞിരുന്നത് ഭാനു പ്രകാശിന്റെ വരുമാനത്തിലായിരുന്നു. ലോക്ക്ഡൗണ്‍ കാരണം ജീവിക്കാന്‍ കഴിയാതെ വന്നതോടെയാണ് ജീവനൊടുക്കിയതെന്ന് ഇയാളുടെ ആത്മഹത്യ കുറിപ്പില്‍ പറയുന്നു.

സുഖമില്ലാത്ത അമ്മയ്ക്ക് ചികിത്സ നല്‍കാന്‍ കഴിയുന്നില്ലെന്നും ജില്ലാ ഭരണകൂടം ഒരു സഹയവും നല്‍കുന്നില്ലെന്നും കുറിപ്പില്‍ പറയുന്നു. അതേസമയം, സംഭവത്തിന് പിന്നാലെ പ്രാഥമിക അന്വേഷണം നടത്തിയെന്നും ഭാനു പ്രകാശിന്റെ കുടുംബത്തിന് എല്ലാ സഹായവും നല്‍കുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.

SHARE