രോഗികള്‍ കൂടുന്നു: നിയന്ത്രണങ്ങള്‍ കുറയുന്നു: കനത്ത ആശങ്കയില്‍ ഇന്ത്യ

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ കേസുകള്‍ കുത്തനെ ഉയരുമ്പോള്‍ ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിക്കപ്പെടുന്നത് ആശങ്കപ്പെടുത്തുന്നു. അതേസമയം ഇളവുകള്‍ പ്രഖ്യാപിക്കുകയല്ലാതെ പൂര്‍ണ്ണമായും രാജ്യം ഇനിയും അടച്ചിടാനാവില്ലെന്ന ഭരണപരമായ പ്രതിസന്ധിയും നിലനില്‍ക്കുകയാണ്. കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴിച്ചുള്ള സ്ഥലങ്ങളിലാണ് നിയന്ത്രണമെങ്കിലും അതീവജാഗ്രത ഉണ്ടായില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന നിലയിലാണ് രാജ്യമെന്നാണ് കുതിച്ചുയരുന്ന കോവിഡ് പോസിറ്റീവ് കേസുകള്‍ സൂചിപ്പിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഏറ്റവും പുതിയ ഉത്തരവ് അനുസരിച്ച് അന്താരാഷ്ട്ര വിമാനയാത്ര, മെട്രോ റെയില്‍, സിനിമശാലകള്‍, ജിംനേഷ്യം, സ്വിമ്മിംഗ്പൂള്‍, പാര്‍ക്കുകള്‍, തിയ്യറ്ററുകള്‍, ബാറുകള്‍, ഓഡിറ്റോറിയങ്ങള്‍, അസംബ്ലി ഹാളുകള്‍ എന്നിവയ്ക്ക് പുറമേ സാമൂഹ്യ രാഷ്ട്രീയ, കായിക വിനോദ, അക്കാദമിക, സാംസ്‌കാരിക ആത്മീയ മേഖലകളിലെ കൂടിച്ചേരലുകള്‍ സാധ്യമാകില്ല. വലിയ ആള്‍ക്കൂട്ടത്തെ സൃഷ്ടിക്കുന്ന ഒരു പരിപാടികളും നടത്തുന്നതിന് ഉടന്‍ അനുമതിയുണ്ടാകില്ല.

അണ്‍ലോക്കിന്റെ ആദ്യഘട്ടത്തില്‍ ആരാധാനാലയങ്ങള്‍, ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, ഷോപ്പിംഗ് മാളുകള്‍ എന്നിവ ജൂണ്‍ എട്ട് മുതല്‍ തുറക്കാനാണ് അനുമതി. കേന്ദ്രആരോഗ്യമന്ത്രാലയം മറ്റ് മന്ത്രാലയങ്ങളുമായി കൂടിയാലോചിച്ച് ഇതിനുള്ള മാര്‍ഗ്ഗരേഖ പുറപ്പെടുവിക്കും. പ്രവര്‍ത്തനാനുമതി നല്‍കുമ്പോഴും കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചനകള്‍. രണ്ടാം ഘട്ടത്തിലായിരിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുക. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്ന ഘട്ടത്തിലാണ് അതീവശ്രദ്ധ വേണ്ടത്. സാമൂഹിക അകലം പാലിക്കല്‍ എത്രത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടപ്പിലാക്കാന്‍ കഴിയുമെന്നത് ആശങ്കയുണര്‍ത്തുന്ന ചോദ്യമാണ്. സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച ശേഷമായിരിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനം ഉണ്ടാവുക.

നിലവില്‍ പല സംസ്ഥാനങ്ങളും ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുകയോ തുടങ്ങാനുള്ള പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയോ ചെയ്തിട്ടുണ്ട്. അതേസമയം എല്ലാ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകളുടേയും പല സംസ്ഥാനങ്ങളും ഏര്‍പ്പെടുത്തിയ ചാനല്‍ ക്ലാസുകളുടേയും സൗകര്യം ഉപയോഗപ്പെടുത്താനുള്ള ഭൗതിക സാഹചര്യങ്ങളുണ്ടോ എന്നതും പ്രസക്തമാണ്. ബന്ധപ്പെട്ടവരുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തി ജൂലൈയില്‍ ആയിരിക്കും ഇത് സംബന്ധിച്ച അന്തിമതീരുമാനം ഉണ്ടാവുക.

ലോക്ക്ഡൗണ്‍ അഞ്ചിന്റെ മൂന്നാംഘട്ടത്തില്‍ മാത്രമായിരിക്കും സാഹചര്യങ്ങള്‍ പരിശോധിച്ച് ഈ വിഷയങ്ങളില്‍ തീരുമാനമുണ്ടാവുക. ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായിട്ടായിരിക്കും കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഏതെല്ലാം എന്ന് നിര്‍ണ്ണയിക്കാന്‍ സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങള്‍ക്ക് അനുവാദം നല്‍കുക. ഇവിടങ്ങളിലെല്ലാം അവശ്യസര്‍വ്വീസുകള്‍ മാത്രമായിരിക്കും തുടര്‍ന്നുമുണ്ടാവുക.

65 വയസ്സിന് മുകളിലുള്ളവര്‍, ഗര്‍ഭിണികള്‍, പത്ത് വയസ്സിന് താഴേയുള്ള കുട്ടികള്‍, രോഗ സാധ്യത കൂടിയവര്‍ എന്നിവര്‍ വീടുകളില്‍ തന്നെ തുടരണമെന്ന നിര്‍ദ്ദേശം തുടരും. ജൂണ്‍ 30 വരെയാണ് ലോക്ഡൗണ്‍ പ്രത്യേക ഇളവുകളോടെ കേന്ദ്രസര്‍ക്കാര്‍ നീട്ടിയത്.