ഒമാനിന്‍ കാല്‍നടയാത്രക്കും വിലക്ക്; കര്‍ശന നിയന്ത്രണങ്ങള്‍

മസ്‌കത്ത്: ജൂലൈ 25 മുതല്‍ ഒമാനില്‍ വീണ്ടും ലോക്ഡൗണ്‍ പ്രാബല്യത്തില്‍ വരാനിരിക്കെ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി സുപ്രീം കമ്മിറ്റി. ഓഗസ്റ്റ് എട്ട് വരെ ഗവര്‍ണറേറ്റുകള്‍ക്കിടയില്‍ യാത്രാ വിലക്ക് നിലനില്‍ക്കും. ലോക്ഡൗണ്‍ ദിവസങ്ങളില്‍ രാത്രി എഴു മുതല്‍ പുലര്‍ച്ചെ ആറു വരെ കാല്‍നടയാത്രയും അനുവദിക്കില്ല. നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ 100 റിയാല്‍ പിഴ ഈടാക്കുമെന്നും സുപ്രീം കമ്മിറ്റി അറിയിച്ചു.

പകല്‍ സമയങ്ങളില്‍ അതത് ഗവര്‍ണറേറ്റുകളിലെ ജോലി സ്ഥലങ്ങളില്‍ പോകുന്നതിന് വിലക്കുണ്ടാകില്ല. രാത്രി എഴ് മുതല്‍ പുലര്‍ച്ചെ ആറ് വരെ പൂര്‍ണമായ സഞ്ചാര വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാല്‍, പച്ചക്കറികള്‍, മാംസം തുടങ്ങിയ ഉത്പന്നങ്ങള്‍ വിതരണം ചെയ്യുന്ന വാഹനങ്ങള്‍, ഇന്ധനം, പാചകവാതക ട്രക്കുകള്‍ എന്നിവക്ക് രാത്രി ഏഴ് മുതല്‍ പുലര്‍ച്ചെ ആറ് വരെ പെര്‍മിറ്റോടെ ഗവര്‍ണറേറ്റുകള്‍ക്കിടിയില്‍ സഞ്ചാരത്തിന് അനുമതിയുണ്ടാകും.

താമസ വീസയുള്ള വിദേശികള്‍ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതിയോടെ ഒമാനിലേക്ക് തിരികെ വരാന്‍ സാധിക്കുമെന്ന് ഗതാഗത മന്ത്രി ഡോ. അഹമ്മദ് അല്‍ ഫുതൈസി അറിയിച്ചു. കമ്പനികള്‍ മുഖേനെയോ വിമാന കമ്പനികള്‍ മുഖേനെയോ അനുമതിക്കായി അപേക്ഷിക്കാം. തിരികെ ഒമാനിലെത്തുന്നവര്‍ 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ നിര്‍ദേശം പാലിക്കണം.

SHARE