ലോക്ക്ഡൗണ്‍ ഒറ്റയടിക്ക് പിന്‍വലിക്കില്ലെന്ന് സൂചന നല്‍കി പ്രധാനമന്ത്രി

കോവിഡ് പ്രതിരോധത്തിനായി രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ ഒറ്റയടിക്ക് പിന്‍വലിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സൂചന നല്‍കി. വിവിധ രാഷ്ട്രീയകക്ഷി നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞതെന്നാണ് റിപ്പോര്‍ട്ട്. ചര്‍ച്ചയില്‍ പങ്കെടുത്ത നേതാക്കളില്‍ ചിലരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ലോക്ക് ഡൗണ്‍ ഒറ്റയടിക്ക് പിന്‍വലിക്കാന്‍ സാധിക്കില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞതായി ബിജെഡി നേതാവ് പിനകി മിശ്ര പറഞ്ഞു. കൊറോണക്ക് മുന്‍പും പിന്‍പും ഉള്ള ജനജീവിതം വ്യത്യാസപ്പെട്ടിരിക്കുമെന്നും യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞതായി ബിജെഡി നേതാവ് പറഞ്ഞു.അതേസമയം, രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 5000 കടന്നതോടെ 21 ദിവസത്തെ ലോക്ക്ഡൗണ്‍ നീട്ടണമെന്നാണ് വിവിധ സംസ്ഥാനങ്ങളുടെ ആവശ്യം. കേന്ദ്രസര്‍ക്കാരും ലോക്ക്ഡൗണ്‍ നീട്ടുന്നതിനെക്കുറിച്ച് ചിന്തിക്കുന്നുണ്ട്. പക്ഷേ വിദഗ്ധരുമായുളള ചര്‍ച്ചകള്‍ക്കും എല്ലാ വശങ്ങളും പരിഗണിച്ചശേഷവും പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

SHARE