ലോക്ക് ഡൗണ്‍: കേരളം അതീവ സാമ്പത്തിക പ്രതിസന്ധിയിലേക്ക്

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നു. ഇത് കേരളത്തിന്റെ മാത്രം സ്ഥിതിയല്ല, രാജ്യമെമ്പാടും ഇതാണ് അവസ്ഥ. കൊറോണവൈറസ് ബാധയെ ചെറുക്കാന്‍ ആഹ്വാനം ചെയ്ത ലോക്ക് ഡൗണ്‍ അവസാനിക്കുമ്പോഴേയ്ക്കും രാജ്യം ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ ചെന്നെത്തുമെന്നാണ് വിവരം. ലോക്ക് ഡൗണ്‍ തുടര്‍ന്നാല്‍ സാമ്പത്തിക പ്രതിസന്ധി അതീവ ഗുരുതരാവസ്ഥയില്‍ ആകുമെന്ന് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗണ്‍ അവസാനിക്കുന്നത് ഏപ്രില്‍ 14 നാണ്. ലോക്ക് ഡൗണിനു ശേഷം കേരളത്തില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൊറോണവൈറസ് വ്യാപനം കേരളത്തില്‍ കുറഞ്ഞ സാഹചര്യമാണുള്ളത്. അതുകൊണ്ട് നിലവില്‍ സ്ഥിതി മെച്ചപ്പെട്ട സംസ്ഥാനങ്ങളിലെങ്കിലും ലോക്ക് ഡൗണില്‍ ഇളവുകള്‍ നല്‍കണമെന്നാണ് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്.

സംസ്ഥാനത്ത് രോഗബാധയുടെ ആദ്യഘട്ടത്തില്‍ നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും കൃത്യമായ ഇടപെടലുകളിലൂടെ കേരളം കൊവിഡിനെ പിടിച്ചുകെട്ടി. നിരവധി പേരില്‍ പരിശോധനകള്‍ നടത്തി. കര്‍ശനനിയന്ത്രണങ്ങളിലൂടെയും പ്രചാരണങ്ങളിലൂടെയും കൊവിഡ് വ്യാപനത്തെ സംസ്ഥാനം തടഞ്ഞു. രോഗികളേക്കാള്‍ കൂടുതലാണ് കേരളത്തില്‍ രോഗം ഭേദമായി ആശുപത്രി വിടുന്നവര്‍. ഇക്കാരണത്താല്‍ കേരളത്തില്‍ ലോക്ക് ഡൗണില്‍ ഇളവ് കര്‍ശന നിയന്ത്രണങ്ങളോടെ ഇളവ് ലഭിക്കുമെന്നാണ് സൂചന.

സംസ്ഥാനത്ത് കൊറോണവൈറസ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണില്‍ ഇളവ് വേണമെന്ന് കേരളം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. ഏപ്രില്‍ 14 നു ശേഷവും ലോക്ക് ഡൗണ്‍ നീട്ടുന്നതിനോട് എതിര്‍പ്പില്ലെങ്കിലും ചില മേഖലകളില്‍ കര്‍ശന നിബന്ധനകളോടെ ഇളവ് അനുവദിക്കണമെന്ന് കേരളം കേന്ദ്രത്തിനോട് ആവശ്യപ്പെട്ടേക്കും. ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വീഡിയോ കോണ്‍ഫറന്‍സില്‍ ആവശ്യപ്പെടും. അതേസമയം, ലോക്ക് ഡൗണ്‍ നീട്ടണമെന്ന നിലപാടുമായി മറ്റു സംസ്ഥാനങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. ഒഡീഷ സ്വയം ലോക്ക് ഡൗണ്‍ ഏപ്രില്‍ 30 വരെ നീട്ടിയിരുന്നു. ഇതേ അഭിപ്രായം തന്നെയാണ് മറ്റു 20 സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ വച്ചിരിക്കുന്നത്. ലോക്ക് ഡൗണ്‍ തുടര്‍ന്നില്ലെങ്കില്‍ രാജ്യം പടര്‍ന്ന് പിടിക്കുന്ന പകര്‍ച്ചവ്യാധിയെ നേരിടേണ്ടി വരുമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നു. സാമൂഹിക വ്യാപനം ചൂണ്ടിക്കാട്ടി ഐസിഎംആറിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്.

SHARE