ലോക്ഡൗണ്‍: ചൈനയില്‍ വിവാഹ മോചന കേസുകള്‍ കൂടുന്നു

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ചൈനയില്‍ വിവാഹ മോചന കേസുകളുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്. രാജ്യത്ത് ഗാര്‍ഹിക അതിക്രമ കേസുകളും വര്‍ധിച്ചതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിര്‍ബന്ധിത ലോക്ക് ഡൗണ്‍ കാലമായ മാര്‍ച്ച് മാസത്തില്‍ മാത്രം കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായതായാണ് വിവരം.

മധ്യ ചൈനയിലെ സിയാന്‍ നഗരം, സിചുവാന്‍ പ്രവിശ്യയിലെ ദാസ്വേ എന്നിവ മാര്‍ച്ച് തുടക്കത്തില്‍ തന്നെ വിവാഹ മോചന കേസുകളുടെ എണ്ണത്തില്‍ റെക്കോഡിട്ടിരുന്നു. ഇതു സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തെ പോലും ഗുരുതരമായി ബാധിച്ചെന്നാണ് റിപ്പോര്‍ട്ട്.

വിവാഹമോചന പരാതികള്‍ നല്‍കാന്‍ എത്തിയവരുടെ നീണ്ട നിര കാരണം ഹുനാന്‍ പ്രവിശ്യയിലെ മിലുവോയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വെള്ളം കുടിക്കാന്‍ പോലും സമയം കിട്ടിയില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പരാതിക്കാരുടെ എണ്ണം കൂടിയതോടെ മാര്‍ച്ച് പകുതിയില്‍ സര്‍ക്കാര്‍ വെബ്‌സൈറ്റ് തകരാറിലാകുകയും ചെയ്തു.

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ച് പകുതിയോടെ തന്റെ ഓഫീസില്‍ എത്തുന്ന വിവാഹമോചന ഹര്‍ജികളുടെ എണ്ണം 25% വര്‍ധിച്ചതായി ജെന്റില്‍ ആന്‍ഡ് ട്രസ്റ്റ് ലോ ഫേമിലെ അഭിഭാഷകനായ സ്റ്റീവ് ലി പറയുന്നു.
കഴിഞ്ഞ വര്‍ഷം 4.15 ദശലക്ഷം ചൈനീസ് ദമ്പതികളാണ് വിവാഹ മോചിതരായത്. 2003 ല്‍ നിയമങ്ങള്‍ ലളിതമാക്കിയതുമുതല്‍ ചൈനയില്‍ വിവാഹമോചനങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു.

SHARE