തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പ്രത്യേക മന്ത്രിസഭാ യോഗം തിങ്കളാഴ്ച ചേരും. ഉടന്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടതില്ലെന്നാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍. അതേസമയം തിങ്കളാഴ്ച ചേരാനിരുന്ന നിയമസഭാ സമ്മേളനം മാറ്റിവെച്ചു. വരും ദിവസങ്ങളിലെ രോഗവ്യാപനത്തിന്റെ തോതിനനുസരിച്ചായിരിക്കും ലോക്ഡൗണ്‍ സംബന്ധിച്ച തീരുമാനമെടുക്കുക. നാളെ കോവിഡുമായി ബന്ധപ്പെട്ട് സര്‍വകക്ഷിയോഗം നടക്കാനുണ്ട്. വിദഗ്ധരുമായും ചര്‍ച്ച നടത്തുന്നുണ്ട്. ഇതിനെല്ലാം ശേഷമായിരിക്കും അന്തിമ തീരുമാനം.
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാതലത്തില്‍ സമ്പൂര്‍ണലോക്ഡൗണ്‍ പരിഗണിക്കേണ്ടതായി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. 1038 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന കേസില്‍ കേരളത്തിലെ റെക്കോര്‍ഡ് വര്‍ധനയാണിത്. ഇതില്‍ 842 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് കോവിഡ് വന്നതെന്നത് കടുത്ത ആശങ്കയുയര്‍ത്തുന്നു.