കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ നാലാംഘട്ടം മെയ് 31ന് അവസാനിക്കാനിരിക്കെ അഞ്ചാം ഘട്ട ലോക്ക്ഡൗണില്‍ കണ്ടെയിന്മെന്റ് സോണുകളില്‍ മാത്രം നിയന്ത്രണമേര്‍പ്പെടുത്തിയാല്‍ മതിയെന്നാണ് ഭൂരിപക്ഷം സംസ്ഥാനങ്ങളുടേയും നിലപാട്.
കണ്ടെയിന്മെന്റ് സോണുകളല്ലാത്ത ഇടങ്ങളില്‍ സാധാരണഗതിയിലുള്ള സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ അനുവദിക്കണമെന്നും സംസ്ഥാനങ്ങള്‍ ആഗ്രഹിക്കുന്നു. അതേ സമയം ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. ലോക്ക്ഡൗണിന് ശേഷമുള്ള തന്ത്രങ്ങള്‍ മെനയുന്നതിനായി രൂപീകരിച്ച രണ്ട് കേന്ദ്ര സമതികള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. കണ്ടെയന്‍മെന്റ് സോണുകളല്ലാത്തയിടങ്ങളില് ലോക്ക്ഡൗണ്‍ എടുത്തുകളയണമെന്നാണ് ഈ സമിതികളുടെ ശുപാര്‍ശയെന്നാണ് സൂചന.
കൂടുതല്‍ വിപണികള്‍ തുറക്കുക, അന്തര്‍സംസ്ഥാന ഗതാഗത സൗകര്യങ്ങളില്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുക, വാണിജ്യപരമായ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുക, സാമൂഹിക അകലം പാലിച്ച് ആരാധാനാലയങ്ങള്‍ തുറക്കണമെന്നും പല സംസ്ഥാനങ്ങളും കേന്ദ്രത്തോട് ആവശ്യപ്പെട്ടു.അതേ സമയം രാജ്യത്ത് അനുദിനം പുതിയ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരികയുമാണ്.