രാജ്യവ്യാപക അടച്ചുപൂട്ടല്‍ തുടരാനും ലോക്ക്ഡൗണ്‍ 5.0 കൂടുതല്‍ ശക്തമാക്കാനും സാധ്യത

ന്യൂഡല്‍ഹി: രാജ്യത്ത് നടപ്പായ ലോക്ക്ഡൗണിന്റെ നാലാം ഘട്ടം മെയ് 31 ന് അവസാനിക്കാനിരിക്കെ ലോക്ക്ഡൗണ്‍ 5.0 പ്രാബല്യത്തില്‍ വരാന്‍ സാധ്യത തെളിയുന്നു. രാജ്യത്തെ കോവിഡ് വ്യാപനം ഒന്നര ലക്ഷം കടന്നിരിക്കെ ലോക്ക്ഡൗണ്‍ 5.0 ന്റെ പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്ത മാന്‍ കി ബാത്തില്‍ നടത്തുമെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു..

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായാണ് വിവരം. കേന്ദ്രമന്ത്രി സഭ ഉപസമിതി കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച ചര്‍ച്ച നടത്തിയിരുന്നു. ലോക്ക്ഡൗണ്‍ 5.0 പ്രഖ്യാപനം പ്രധാനമന്ത്രി മോദി തന്റെ റേഡിയോ പ്രോഗ്രാമായ മാന്‍ കി ബാത്തില്‍ മെയ് 31 ന് രാജ്യത്തെ അറിയിക്കും. ലോക്ക്ഡൗണ്‍ 4.0 ന്റെ അവസാന ദിവസം കൂടിയായ മെയ് 31 ന് മോദി തന്റെ പ്രസംഗത്തില്‍ ലോക്ക്ഡൗലെ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള നടപടികള്‍ പ്രഖ്യാപിക്കുമെന്നും വൃത്തങ്ങള്‍ അറിയിച്ചു.
നാലാംഘട്ട ലോക്ക്ഡൗണിന് സമാനമായി കൂടുതല്‍ ഇളവുകള്‍ തീരുമാനിക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ നല്‍കിക്കൊണ്ടാണ് ലോക്ക്ഡൗണ്‍ രണ്ടാഴ്ചത്തേക്ക് നീട്ടാന്‍ ആലോചിക്കുന്നത്. അതേസമയം രാജ്യത്ത് കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ ലോക്ക്ഡൗണ്‍ 5.0 കൂടുതല്‍ ശക്തമാക്കാനും സാധ്യതയുണ്ട്. ലോക്ക്ഡൗണ്‍ സംബന്ധിച്ച ഒരു പൊതുമാര്‍ഗ രേഖ മാത്രമായിരിക്കും കേന്ദ്രസര്‍ക്കാറിന്റെ ഭാഗത്തുനിന്ന് അഞ്ചാംഘട്ടത്തിലുണ്ടാവുകയെന്നാണ് സൂചന.

എന്നാല്‍ ലോക്ക്ഡൗണ്‍ നീട്ടുന്ന വാര്‍ത്ത അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വാര്‍ത്താകുറിപ്പിലൂടെ വ്യക്തമാക്കി. പൊതുഗതാഗതത്തില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കാനുള്ള തീരുമാനവും അഞ്ചാംഘട്ട ലോക്ക്ഡൗണ്‍ മാര്‍ഗരേഖയിലുണ്ടായേക്കും. ആരാധനാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച തീരുമാനം സംസ്ഥാനങ്ങള്‍ക്ക് വിടുമെന്നാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരില്‍നിന്ന് ലഭിക്കുന്ന വിവരം.

രാജ്യത്തെ 11 നഗരങ്ങളില്‍ ലോക്ക്ഡൗണ്‍ 5.0 ശക്തമാവുമെന്നാണ് സൂചന. ഇന്ത്യയിലെ മൊത്തം കൊറോണ വൈറസ് കേസുകളില്‍ 70 ശതമാനവും ഉള്ള 11 നഗരങ്ങളില്‍ ലോക്ക്ഡൗണ്‍ 5.0 ശക്തമാവുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ജൂണ്‍ 1 മുതല്‍ ഡല്‍ഹി, മുംബൈ, ബെംഗളൂരു, പൂനെ, താനെ, ഇന്‍ഡോര്‍, ചെന്നൈ, അഹമ്മദാബാദ്, ജയ്പൂര്‍, സൂററ്റ്, കൊല്‍ക്കത്ത എന്നിവിടങ്ങളാവും ലോക്ക്ഡൗണ്‍ 5.0 ശ്രദ്ധ കേന്ദ്രീകരിക്കുക.