ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണവവൈറസ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ നാലാം ഘട്ടത്തിലേക്ക് നീങ്ങുമെന്നറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്ക്ഡൗണ്‍ 4.0 ഇതുവരെയുള്ള മൂന്ന് ഘട്ട ലോക്ക്ഡൗണില്‍ നിന്നും വ്യത്യസ്തമായിരിക്കുമെന്നും അഞ്ചാം തവണയും രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി മോദി ലോക്ക്ഡൗണ്‍ വിപുലീകരണത്തില്‍ പ്രഖ്യാപിച്ചു. മെയ് 18-ന് മുമ്പായി അതിന്റെ വിശദാംശങ്ങള്‍ അറിയിക്കുമെന്നും രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്തുക്കൊണ്ട് പ്രധാനമന്ത്രി അറിയിച്ചു.
‘പൂര്‍ണ്ണമായും പുതിയ രൂപത്തിലും പുതിയ നിയമത്തിലുമായിരിക്കും നാലാംഘട്ട ലോക്ക്ഡൗണ്‍ വരിക. സംസ്ഥാനങ്ങളില്‍ നിന്ന് ലഭിച്ച നിര്‍ദ്ദേശങ്ങളെ അടിസ്ഥാനമാക്കികൂടിയാകും അത്’ പ്രധാനമന്ത്രി അറിയിച്ചു. മെയ് 18-ന് മുമ്പായി അതിന്റെ വിശദാംശങ്ങള്‍ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് 17-നാണ് അവസാനിക്കുക.
ലോക്ക്ഡൗണിന്റെ നാലാം ഘട്ട നിയന്ത്രണങ്ങളും ഇളവുകളും മെയ് 18 ന് മുമ്പ് പ്രഖ്യാപിക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. ലോക്ക്ഡൗണ്‍ 4.0 സംബന്ധിച്ച വിവരങ്ങള്‍ മെയ് 18 നകം സംസ്ഥാനങ്ങളുടെ ശുപാര്‍ശകള്‍ കണക്കിലെടുത്ത് നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ലോക്ക്ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്തിരുന്നു. ആറ് സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യം മുന്നോട്ട് വെച്ചപ്പോള്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കണമെന്നാണ് മിക്ക സംസ്ഥാനങ്ങളും ആവശ്യപ്പെട്ടത്.
പ്രസംഗത്തില്‍ പ്രധാനമന്ത്രി മോദി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. ഇന്ത്യയുടെ ജിഡിപിയുടെ 10 ശതമാനത്തോളം വരുന്ന 20 ലക്ഷം കോടി രൂപയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. അതേസമയം പാക്കേജിലെ തീരുമാനങ്ങള്‍ പിന്നീടാവും പുറത്താവുക