അമിതാഭ് ബച്ചന്‍ മുതല്‍ മമ്മുട്ടി, മോഹന്‍ലാല്‍ വരെ; ഓരോരുത്തരും അവരവരുടെ വീടുകളില്‍ ഷൂട്ടിങ് നടത്തി കോര്‍ത്തിണക്കിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍


കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സോണി പിക്‌ചേഴ്‌സ് പുറത്തിറക്കിയ ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു. ഇന്ത്യന്‍ സിനിമയിലെ വമ്പന്‍ താരങ്ങളൊക്കെ അണിനിരക്കുന്ന ഹ്രസ്വചിത്രം ഇന്നലെ രാത്രി 9 മണിക്ക് തങ്ങളുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ സോണി പിക്‌ചേഴ്‌സ് തന്നെയാണ് റിലീസ് ചെയ്തത്. ഫാമിലി എന്നാണ് ഈ ഷോര്‍ട്ട് ഫിലിമിന്റെ പേര്.

അമിതാഭ് ബച്ചന്‍, രജനികാന്ത്, മമ്മൂട്ടി, മോഹന്‍ലാല്‍, ചിരഞ്ജീവി, പ്രിയങ്ക ചോപ്ര, രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, ശിവ രാജ്കുമാര്‍, സൊനാലി കുല്‍ക്കര്‍ണി തുടങ്ങി 13 പേരാണ് ഇതില്‍ അഭിനയിച്ചിരിക്കുന്നത്. അമിതാഭ് ബച്ചന്‍ തന്റെ സണ്‍ ഗ്ലാസ് എവിടെയോ മറന്നുവെക്കുന്നതും ഓരോരുത്തരായി അത് തിരയുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അവരവരുടെ വീടുകളില്‍ വച്ച് തന്നെയാണ് താരങ്ങള്‍ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. അവരവരുടെ ഭാഷകള്‍ തന്നെയാണ് സംസാരിക്കുന്നതും. ഷോര്‍ട്ട് ഫിലിമിന്റെ അവസാനം സിനിമയിലെ ദിവസവേതനക്കാരെ സഹായിക്കാന്‍ എല്ലാവരും സംഭാവന നല്‍കണമെന്ന് അമിതാഭ് ബച്ചന്‍ പ്രേക്ഷരോട് അഭ്യര്‍ത്ഥിക്കുന്നുണ്ട്. നിരവധി സിനിമാ താരങ്ങളും ചലച്ചിത്ര പ്രവര്‍ത്തകരും ആരാധകരും ചിത്രം പങ്കുവച്ചിട്ടുണ്ട്.